ബെംഗളൂരു : നഴ്‌സറി സ്‌കൂളിൽ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ (പോക്‌സോ) നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. വെങ്കിടേശ്വരപുരയിലെ അൻവർ ലേഔട്ടിലെ സ്വകാര്യ നഴ്‌സറി സ്‌കൂളിലാണ് സംഭവം.
പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കടുത്ത വേദന അനുഭവപ്പെടുകയും അധ്യാപകന്‍റെ പ്രവൃത്തികൾ മാതാപിതാക്കളോട് പറയുകയും ചെയ്‌തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്തതായി കെജി ഹള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മകൾ ജൂൺ 6 മുതലാണ് നഴ്‌സറി സ്‌കൂളിൽ പോകാൻ തുടങ്ങിയതെന്നും പത്ത് ദിവസത്തിന് ശേഷം അവൾ പെട്ടെന്ന് സ്‌കൂളിൽ പോകാൻ വിസമ്മതിക്കുകയായിരുന്നു എന്നും രക്ഷിതാക്കള്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, സ്വകാര്യഭാഗങ്ങളിൽ കഠിനമായ വേദനയെക്കുറിച്ച് മകൾ പരാതിപ്പെടുകയും അധ്യാപകന്‍റെ ചില പ്രവൃത്തികളെക്കുറിച്ച് പറയുകയും ചെയ്‌തു എന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഉടൻ തന്നെ വാണി വിലാസ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. ഇതിനിടെ അധ്യാപകനെ കുറിച്ച് ചോദിച്ചപ്പോള്‍, അയാളുടെ പേര് തനിക്കറിയില്ലെന്ന് പെൺകുട്ടി പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.