മുംബൈ (മഹാരാഷ്‌ട്ര) : 2000 രൂപയുടെ നോട്ടുകളിൽ 97.69 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നും പിൻവലിച്ച നോട്ടുകളിൽ 8,202 കോടി രൂപയുടേത് ഇപ്പോഴും ആളുകളുടെ കൈവശമുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 മെയ് 19 ന്, 2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചിരുന്നു.
അന്ന് 3.56 ലക്ഷം കോടി രൂപയായിരുന്നു 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം. 2024 മാർച്ച് 29 ആയപ്പോള്‍ അത് 8,202 കോടി രൂപയായി കുറഞ്ഞുവെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു. അത്തരത്തില്‍ 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 97.69 ശതമാനവും തിരിച്ചെത്തിയെന്നും ആർബിഐ കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം 19 ആർബിഐ ഓഫീസുകളിൽ ആളുകൾക്ക് 2000 രൂപ ബാങ്ക് നോട്ടുകൾ നിക്ഷേപിക്കാനോ അല്ലെങ്കിൽ മാറ്റി വാങ്ങാനോ കഴിയും. ഇന്ത്യയിലെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി ആളുകൾക്ക് 2000 രൂപ ബാങ്ക് നോട്ടുകൾ ഏത് തപാൽ ഓഫീസിൽ നിന്നും ഏത് ആർബിഐ ഓഫീസിലേക്കും ഇന്ത്യ പോസ്‌റ്റ് വഴി അയക്കാം.
ഇത്തരം നോട്ടുകൾ കൈവശം വച്ചിരിക്കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങളോട് 2023 സെപ്റ്റംബർ 30-നകം അവ മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ആവശ്യപ്പെട്ടിരുന്നു. സമയപരിധി പിന്നീട് ഒക്‌ടോബർ 7 വരെ നീട്ടി. ഇതോടെ ബാങ്ക് ശാഖകളിലെ നിക്ഷേപവും വിനിമയ സേവനങ്ങളും 2023 ഒക്‌ടോബർ 7 ന് അവസാനിച്ചിരുന്നു.
എന്നാല്‍ 2023 ഒക്‌ടോബർ 8 മുതൽ, ആർബിഐയുടെ 19 ഓഫീസുകളിൽ കറൻസി കൈമാറ്റം ചെയ്യാനോ തത്തുല്യമായ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനോ ഉള്ള സൗകര്യം വ്യക്തികൾക്ക് ഒരുക്കി നൽകിയിട്ടുണ്ട്.
ALSO READ : പേടിഎം ഫാസ്‌ടാഗിന്‍റെ കാലാവധി തീരുന്നു; മാർച്ച് 15ന് ഉള്ളില്‍ മറ്റൊരു ബാങ്കിൽ നിന്ന് ഫാസ്‌ടാഗ് വാങ്ങണമെന്ന് എൻഎച്ച്എഐ
അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്‌പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്‌പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആര്‍ബിഐ കേന്ദ്രങ്ങളിലാണ് നിക്ഷേപിക്കാനാവുക. 2016 നവംബറിൽ അന്നത്തെ 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് 2000 രൂപയുടെ നോട്ടുകൾ അവതരിപ്പിച്ചത്. പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.