ആകാശം എന്നും അത്ഭുതത്തിൻ്റെ കഥകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിജീവനത്തിന് സമുദ്രത്തിന് കുറുകെ പറന്ന ഫാല്‍ക്കണുകളുടെ കഥ അല്‍പ്പം അവിശ്വസനീയമാണ്. ആൺ അമുർ ഫാൽക്കണായ ചിയുലുവൻ 2 വും പെൺ ഫാല്‍ക്കണ്‍ ഗുവാങ്‌ഗ്രാമും മണിപ്പൂരിൽ നിന്ന് പറന്നത് 3000 കിലോമീറ്ററാണ്! യാത്ര അവസാനിച്ചതാകട്ടെ ആഫ്രിക്കയിലും.
മണിപ്പൂരിലെ ചിയുലാൻ ഗ്രാമത്തിൽ നിന്നാണ് സാറ്റലൈറ്റ് ട്രാക്കർ ഉപയോഗിച്ച് ടാഗ് ചെയ്‌ത, ഫാല്‍ക്കണ്‍ പക്ഷികള്‍ യാത്ര ആരംഭിച്ചത്. അറബിക്കടലിന് മുകളിലൂടെ 3,000 കിലോമീറ്ററുകൾ താണ്ടി, വെറും അഞ്ച് ദിവസവും 17 മണിക്കൂറും കൊണ്ടാണ് ഇവര്‍ സൊമാലിയയില്‍ എത്തിയത്.
ഫാല്‍ക്കണ്‍ പക്ഷികളുടെ അവിശ്വസനീയമായ ഈ കുടിയേറ്റം ലോകമെമ്പാടുമുള്ള വന്യജീവി നിരീക്ഷകരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. സൊമാലിയയിൽ നിന്ന്, കെനിയ, ടാൻസാനിയ, മലാവി, സാംബിയ എന്നിവിടങ്ങളിലൂടെ കടന്ന് മൊസാംബിക്കിലാണ് യാത്ര അവസാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തമിഴ്‌നാട് സർക്കാരിന്‍റെ ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഐഎഎസ് ഓഫീസർ സുപ്രിയ സാഹു, എക്‌സ് പോസ്‌റ്റില്‍ ഈ അവിശ്വസനീയ കുടിയേറ്റത്തെപ്പറ്റി പരാമര്‍ശിച്ചു. കുടിയേറ്റം വിസ്‌മയിപ്പിക്കുന്നതാണെന്ന് സുപ്രിയ സാഹു കുറിച്ചു.
]The extraordinary migration of the satellite tagged male falcon Chiuluan2, originating from Chiuluan village in Manipur continues to amaze as he arrived in Mozambique, having traversed an incredible path through Kenya, Tanzania, Malawi, and Zambia. Chiuluan2 had earlier reached… https://t.co/GIZPglzF8B pic.twitter.com/eTapN9sO1L
— Supriya Sahu IAS (@supriyasahuias) December 6, 2024
അറബിക്കടൽ കടക്കുന്നതിന് മുമ്പ്, ഒഡീഷയിലെ അംഗുൽ, ഛത്തീസ്‌ഗഡിലെ ഇന്ദ്രാവതി ടൈഗർ റിസർവ്, മഹാരാഷ്‌ട്രയിലെ തഡോബ ടൈഗർ റിസർവ് എന്നിവിടങ്ങളിൽ പക്ഷികള്‍ വിശ്രമിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. വിഭവസമൃദ്ധമായ ഈ വിശ്രമ കേന്ദ്രങ്ങൾ ഫാല്‍ക്കണുകളുടെ ദീര്‍ഘദൂര പറക്കലുകള്‍ക്ക് ഊര്‍ജം നല്‍കുന്ന ഘടകങ്ങളാണ്.
വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (WII) ഡോ. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ട്രാക്കിങ് പദ്ധതിയുടെ ഭാഗമാണ് ഫാല്‍ക്കണുകളുടെ യാത്രകൾ. മണിപ്പൂർ വനം വകുപ്പുമായി സഹകരിച്ചുള്ള ഈ പദ്ധതി നിര്‍ണായകമായ പഠനങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ ആഫ്രിക്കയിലേക്ക് കുടിയേറ്റം നടത്തുന്നത് ഫാല്‍ക്കണ്‍ പക്ഷികുളുടെ സവിശേഷതയാണ്.
അറബിക്കടലിന് മുകളിലൂടെയുള്ള നോൺ-സ്‌റ്റോപ്പ് പറക്കലാണ് ഇവരുടെ യാത്രയെ കൂടുതൽ വിസ്‌മയകരമാക്കുന്നത്. ഭക്ഷണമോ വെള്ളമോ വിശ്രമമോ ഇല്ലാതെ, സഹജ വാസനയെയും സ്വാഭാവിക പ്രതിരോധ ശേഷിയെയും മാത്രം ആശ്രയിച്ചാണ് ഇവര്‍ സമുദ്രത്തിന്‍റെ വിശാല വിസ്‌തൃതി കടന്നത്. ദേശാടന പക്ഷികള്‍ക്കുള്ള സ്‌റ്റോപ്പ് ഓവർ സൈറ്റുകൾ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും ഈ പഠനം ചൂണ്ടിക്കാട്ടുന്നതായി വിദഗ്‌ധര്‍ പറയുന്നു.