മീററ്റ് : ഉത്തര്‍ പ്രദേശില്‍ പീഡനത്തിരയായ 14 കാരി ചാപിള്ളയെ പ്രസവിച്ചു. ബന്ധുവായ 40 കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. മീററ്റിലെ സർക്കാർ ആശുപത്രിയിയുടെ പുറത്താണ് പെണ്‍കുട്ടി പ്രസവിച്ചത്. സിഎച്ച്‌സിയിലെ ജീവനക്കാർ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കാന്‍ തയാറായില്ലെന്നും ആശുപത്രിയുടെ പുറത്താണ് പ്രസവിച്ചതെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്താല്‍ ജില്ല ഭരണകൂടം ഉത്തരവിട്ടു. 14 വയസുകാരിയെ വെള്ളിയാഴ്‌ച രാവിലെയാണ് കുടുംബാംഗങ്ങൾ സർധനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. എട്ട് മാസം ഗർഭിണിയായിരുന്ന പെണ്‍കുട്ടി ചാപിള്ളയെ പ്രസവിക്കുകയും ചെയ്‌തു.
ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ബന്ധുവായ സുഭാഷിനെതിരെ (40) ബലാത്സംഗത്തിന് പരാതി നൽകിയത് എന്നും സർധന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) പ്രതാപ് സിങ് പറഞ്ഞു. കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു.
ആശുപത്രിയിലെ ഡോക്‌ടർമാർ ശരിയായ പരിചരണം നൽകിയില്ലെന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണങ്ങൾ അന്വേഷിക്കാൻ അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് സൂര്യകാന്ത് ത്രിപാഠിയുടെ കീഴില്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി ജില്ല മജിസ്‌ട്രേറ്റ് ദീപക് മീണ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയെ ജില്ല വനിത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.