ബീജാപൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ 12 നക്‌സലൈറ്റുകൾ കീഴടങ്ങി. ആറ് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ദമ്പതികളടക്കം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന് മുന്നിലാണ് കീഴടങ്ങിയത്. ആദിവാസികൾക്കെതിരെ മാവോയിസ്റ്റുകൾ നടത്തുന്ന അതിക്രമങ്ങളിലും മനുഷ്യത്വരഹിതവും പൊള്ളയായ പ്രത്യയശാസ്‌ത്രവും നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴടങ്ങിയതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
പന്ത്രണ്ടുപേരിൽ, മുന്ന മോഡിയം (23), ഭാര്യ ജനനി മോഡിയം (23), രാജു പുനം (29) എന്നിവര്‍ക്കാണ് കൂടുതല്‍ ഇനാം പ്രഖ്യാപിച്ചിരുന്നത്. മാവോയിസ്റ്റുകളുടെ ഭൈരംഗഡ്, ഗംഗളൂർ, നാഷണൽ പാർക്ക് ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ സജീവമായിരുന്ന രണ്ട് സ്‌ത്രീകളും കീഴടങ്ങിയ സംഘത്തിലുണ്ടെന്ന് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കീഴടങ്ങിയ നക്‌സലൈറ്റുകൾക്ക് 25,000 രൂപ വീതം തൽക്ഷണ സഹായം നൽകിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന്‍റെ കീഴടങ്ങൽ, പുനരധിവാസ നയം അനുസരിച്ച് ആനുകൂല്യങ്ങൾ നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ബിജാപൂർ ജില്ലയിൽ ഈ വർഷം ഇതുവരെ 123 നക്‌സലൈറ്റുകൾ കീഴടങ്ങിയതായും 273 മാവോയിസ്റ്റുകൾ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.