കോഴിക്കോട്: ഓടുന്ന കാറിന് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ച് വരികയാണ്. ഇതിന്‍റെ കാരണങ്ങളിലേക്ക് കടക്കുമ്പോൾ അധികവും സ്വയം വരുത്തി വെയ്‌ക്കുന്നതായാണ് കണ്ടെത്തൽ. മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങളുള്ള ഒരു യന്ത്രമാണ് കാർ എന്നതിനാൽ തന്നെ തീ പിടിക്കാനുള്ള കാരണങ്ങളും നിരവധിയാണ്.
തമ്മിൽ ഉരയുന്ന നിരവധി ഘടകങ്ങൾ, പെട്രോളോ ഡീസലോ പോലുള്ള ദ്രാവകങ്ങൾ, ബാറ്ററി, ഇലക്ട്രിക് വയറിങ് എന്നിവയെല്ലാം ഉള്ളതിനാൽ തന്നെ കാറിന് തീ പിടിക്കാനും അത് പടരാനും ചെറിയ സമയം മാത്രം മതി. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. അഗ്നിരക്ഷാസേനയുടെ കൊയിലാണ്ടി സ്റ്റേഷൻ ഓഫിസറായിരുന്ന സി പി ആനന്ദൻ ഈ വിഷയത്തിൽ ഇടിവി ഭാരതിനോട് പ്രതികരിക്കുകയാണ്.
1. എക്‌സ്‌ട്രാ ഫിറ്റിങിനായി വയറിങ് ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കും. ബാറ്ററിയിൽ നിന്ന് നേരിട്ട് എടുക്കുന്നതും ലൂപ്പിങും ഷോർട്ട് സർക്യൂട്ടിലേക്ക് വഴിവെച്ചേക്കാം.
2. പെട്രോൾ, പടക്കങ്ങൾ, സ്പ്രേ മുതലായവ കാറിനകത്ത് സൂക്ഷിക്കാതിരിക്കുക. അഗ്നിശമന ഉപകരണം (എക്‌സ്‌റ്റിംഗുഷർ) കരുതുക.
3. എസി പ്രവർത്തിപ്പിച്ച് കാറിനകത്തെ താപനില നിയന്ത്രിക്കുക. ചൂട് കുറയുന്നില്ലെങ്കിൽ പരിശോധന നടത്തുക.
4. റേഡിയേറ്ററുകളിൽ വെള്ളത്തിനു പകരമായോ വെള്ളത്തോടൊപ്പമോ കൂളന്‍റ് ഉപയോഗിക്കുക. ഓയിൽ അളവും പരിശോധിക്കുക.
5. കൃത്യമായ ഇടവേളകളിൽ പരിശോധനയും സർവ്വീസും നടത്തുക.
6. എ സി പ്രവർത്തിപ്പിച്ചിട്ടും കാറിനകത്ത് ചൂട് കൂടുകയും കരിഞ്ഞ ഗന്ധം അനുഭവപ്പെടുകയും ചെയ്‌താൽ വാഹനം നിർത്തുക.
കാറിന് തീ പിടിച്ചാൽ:
ഓടുന്ന കാറിന് തീ പിടിച്ചാൽ എന്ത് ചെയ്യണം എന്ന സംശയവും പലർക്കും ഉണ്ടാകും. ആ അവസരത്തിൽ പേടിച്ച് ചെയ്യുന്ന അബദ്ധങ്ങൾക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ടാകും. അതുകൊണ്ട് തന്നെ നിങ്ങളുടെ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തീപിടിച്ചാൽ പേടിക്കാതെ തന്നെ വാഹനം നിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. തീ പിടിക്കാൻ സാധ്യതയുള്ള പെട്രോൾ പമ്പിന്‍റെയും മറ്റും സമീപത്ത് വാഹനം നിർത്താതിരിക്കാനും ശ്രദ്ധ വേണം.
വാഹനം ഒതുക്കി നിർത്തിയ ശേഷം വേഗം തന്നെ ഇഗ്നിഷൻ സ്വിച്ച് ഓഫ് ചെയ്യുക. ഇനി അധികം വൈകാതെ തന്നെ കാറിൽ നിന്ന് ഇറങ്ങുക. സുരക്ഷിതമായി പുറത്തിറങ്ങാൻ നിങ്ങൾ മറ്റ് യാത്രക്കാരെ സഹായിക്കുകയും ചെയ്യണം. ഇഗ്നിഷൻ ഓഫ് ചെയ്യുന്നതിന് മുമ്പ് എല്ലാ ഡോറുകളും വിൻഡോകളും അൺലോക്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കാറിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ അതിനടുത്ത് നിന്നും മാറുക. തീപിടിക്കുന്ന ദ്രാവകങ്ങളായ പെട്രോളോ ഡീസലോ കാറിൽ ഉണ്ടായിരിക്കും എന്നതിനാൽ തന്നെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. എതിരെ വരുന്ന വാഹനങ്ങളെയും മറ്റും വാഹനത്തിന് തീ പിടിച്ചുവെന്ന കാര്യം അറിയിക്കേണ്ടതും പ്രധാനമാണ്. തീ അണയ്ക്കാനുള്ള നടപടികളാണ് അടുത്തതായി ചെയ്യേണ്ടത്.
പൊട്ടിത്തെറിക്കാൻ പോകുന്ന കാറിന്‍റെ തീ അണയ്ക്കാൻ അടുത്ത് ചെല്ലുന്നത് വലിയ അപകടം ഉണ്ടാക്കും. കാറിന് തീപിടിക്കുമ്പോൾ തീ കെടുത്താനുള്ള ശ്രമത്തിൽ ബോണറ്റ്/ബൂട്ട് തുറക്കാതിരിക്കാൻ ശ്രദ്ധിക്കുക. എഞ്ചിൻ ബേയിലോ കാറിന്‍റെ അടിയിലോ ഉള്ള തീ ബോണറ്റ് തുറക്കുമ്പോൾ ആളിപ്പടരുകയും പൊള്ളലേൽക്കുകയും ചെയ്യും.
തീ ചെറുതായിട്ടാണ് ഉണ്ടായത് എങ്കിൽ പോലും അത് അണച്ച് കഴിഞ്ഞാൽ നിങ്ങൾ ഒരിക്കലും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സർവ്വീസ് സെന്‍ററുമായി ബന്ധപ്പെട്ട് വാഹനം അവിടെ നിന്നും മാറ്റുകയാണ് വേണ്ടത്. തീപിടിത്തം മൂലമുണ്ടായ നാശനഷ്‌ട്ടങ്ങളും കാറിനുണ്ടായ കുഴപ്പങ്ങളും കൃത്യമായി മനസിലാക്കുകയും ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയും ചെയ്യാം.