ഹൈദരാബാദ്: വൺപ്ലസിന്‍റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 13 ഈ മാസം അവസാനം ചൈനയിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. 6,000mAh ബാറ്ററി, IP69 സർട്ടിഫിക്കേഷനുള്ള വാട്ടർ പ്രൂഫ് ആൻഡ് ഡസ്റ്റ് റെസിസ്റ്റന്‍റ് (പൊടിയെ പ്രതിരോധിക്കുന്ന), 2K LTPO ഡിസ്‌പ്ലേ എന്നിങ്ങനെ വിപണിയിലുള്ള മറ്റ് ആൻഡ്രോയ്‌ഡ് ഫോണുകളെ കടത്തിവിടുന്ന ഫീച്ചറുകളുമായാണ് വൺപ്ലസ് 13 എത്തുക എന്നാണ് വിവരം. ക്വാൽകോമിന്‍റെ വരാനിരിക്കുന്ന സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റോ അല്ലെങ്കിൽ സ്‌നാപ്‌ഡ്രാഗൺ 8 Gen 4 പ്രൊസസറോ ആയിരിക്കും ഈ ഹാൻഡ്‌സെറ്റിലുണ്ടാകുക.
ആപ്പിൾ ഉപയോഗിക്കുന്ന Qi2 മാഗ്‌സേഫ് ചാർജിങ് സ്റ്റാൻഡേർഡിന് സമാനമായ മാഗ്നറ്റിക് ഫങ്‌ഷനും വരാനിരിക്കുന്ന വൺപ്ലസ് 13ൽ ഉണ്ടാകുമെന്ന് പറയുന്നു. ക്വാൽകോമിന്‍റെ ടീസർ വീഡിയോയിലെ വൺപ്ലസ് 13 ന്‍റെ സാന്നിധ്യം സൂചന നൽകുന്നത് സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് അല്ലെങ്കിൽ സ്‌നാപ്‌ഡ്രാഗൺ 8 Gen 4 പ്രൊസസറിന്‍റെ സാന്നിധ്യമാണ്. വൺപ്ലസ് 13ൽ ഉണ്ടാകാനിടയുള്ള കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
ഫീച്ചറുകൾ:
- മാഗ്നറ്റിക് ഫങ്‌ഷൻ പിന്തുണയുള്ള ചാർജിങ് സംവിധാനം
- ചാർജിങ്: 100W വയേർഡ് ചാർജിങ്, 50 W വയർലെസ് ചാർജിങ്
- 2k റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് സ്‌ക്രീൻ
- ഡിസ്‌പ്ലേ: LTPO BOE X2 മൈക്രോ ക്വാഡ് കർവ്‌ഡ് OLED ഡിസ്‌പ്ലേ
- 120 Hz റിഫ്രഷ് നിരക്ക്
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ
- 3x ഒപ്‌റ്റിക്കൽ സൂം
- ബാറ്ററി: 6,000mAh ബാറ്ററി
- IP69 റേറ്റിങുള്ള വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
ഐഫോണിന് സമാനമായ Qi2 മാഗ്നറ്റിക് ചാർജിങ്:
ഐഫോൺ 15, ഐഫോൺ 16 മോഡലുകളിൽ ഉപയോഗിക്കുന്ന Qi2 MagSafe ചാർജിങ് സ്റ്റാൻഡേർഡിന് സമാനമായ Qi2 മാഗ്നറ്റിക് ചാർജിങാണ് വൺപ്ലസ് 13ൽ ഉണ്ടാകുക. Qi2 വയർലെസ് ചാർജിങ് ഫീച്ചറോടെ ആദ്യമായി പുറത്തിറക്കിയത് എച്ച്‌എംഡി സ്‌കൈലൈനാണ്. മാഗ്നറ്റിക് ഫങ്‌ഷൻ സപ്പോട്ടുള്ള ചാർജിങ് സംവിധാനം കൊണ്ടുവരുന്ന രണ്ടാമത്തെ ആൻഡ്രോയ്‌ഡ് ഫോണായിരിക്കും വൺപ്ലസ് 13. 37 മിനിറ്റിനുള്ളിൽ വൺപ്ലസ് 13ൽ മുഴുവൻ ചാർജാകുമെന്നാണ് പറയപ്പെടുന്നത്.