ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അതിൻ്റെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോണായ വൺപ്ലസ് 13 അവതരിപ്പിക്കാനൊരുങ്ങുന്നു. 2025 ജനുവരിയിൽ തങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വൺപ്ലസ് 13 അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വൺപ്ലസിന്‍റെ വിപണിയിലെ എതിരാളിയായ iQOO 13 ഇന്നലെ (ഡിസംബർ 3) ലോഞ്ച് ചെയ്‌തിരുന്നു. വൺപ്ലസ് 13 കൂടെ എത്തുന്നതോടെ കടുത്ത മത്സരം തന്നെയായിരിക്കും നടക്കുക.
പുറത്തിറക്കുന്നതിന് മുൻപ് തന്നെ ഈ സ്‌മാർട്ട്‌ഫോണിനെ കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നിരുന്നു. 2024 ഒക്ടോബറിലാണ് വൺപ്ലസ് 13 ചൈനയിൽ അവതരിപ്പിക്കുന്നത്. 2025 ജനുവരിയിൽ ഫോൺ ആഗോളതലത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റുമായി വരുന്ന ഫോൺ മികച്ച പെർഫോമൻസ് കാഴ്‌ച വെക്കുമെന്നതിൽ സംശയമില്ല.
വൺപ്ലസ് 13ന്‍റെ ചൈനീസ് വേരിയന്‍റിന് ക്വാഡ് ഗ്ലാസുള്ള എച്ച്ഡി പ്ലസ് 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടു കൂടിയെത്തുന്ന വൺപ്ലസ് ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്‌സ്, മിഡ്‌നൈറ്റ് ഓഷ്യൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാവും. വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കാനായി IP68, 69 റേറ്റിങും നൽകിയിട്ടുണ്ട്.
OnePlus 13 will launch globally in January 2025! pic.twitter.com/D8KeAK36pD
— OnePlus Club (@OnePlusClub) December 2, 2024
120Hz റിഫ്രഷ് റേറ്റോടെ എത്തുന്ന ഫോണിന്‍റെ പീക്ക് ബ്രൈറ്റ്‌നെസ് ലെവൽ 4,500 നിറ്റ്‌സ് ആണ്. 24GB വരെ റാമും 1TB വരെ ഇന്‍റേണൽ സ്റ്റോറേജും ഫോണിന് ലഭിക്കും. ഫോണിന്‍റെ കൂടുതൽ ക്യാമറ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, എടുക്കുന്ന ഫോട്ടോയ്‌ക്ക് സ്വാഭാവികവും കൂടുതൽ മികച്ചതുമായ കളർ നൽകുന്ന ഹാസൽബ്ലാഡ് ട്യൂണോട് കൂടിയാണ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി പ്രൈമറി ക്യാമറ, 50 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറ, 50 മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 32 എംപി സെൽഫി ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
6,000mAh ബാറ്ററി കപ്പാസിറ്റിയുമായി വരുന്ന ഫോൺ 100W ഫ്ലാഷ് വയേർഡ് ചാർജിങിനേയും 50W വയർലെസ് ചാർജിങിനെയും പിന്തുണയ്‌ക്കും. കൂടാതെ 5W റിവേഴ്‌സ് വയേർഡ് ചാർജിങിനെയും 10W റിവേഴ്‌സ് വയർലെസ് ചാർജിങിനെയും പിന്തുണയ്‌ക്കും.
- ഡിസ്പ്ലേ: 6.82 ഇഞ്ച് ക്വാഡ് ഗ്ലാസ് കർവ്‌ഡ് എച്ച്ഡി പ്ലസ് LTPO AMOLED ഡിസ്‌പ്ലേ
- 120Hz റിഫ്രഷ് റേറ്റ്
- 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്
- ക്യാമറ: 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ, 32 എംപി സെൽഫി ക്യാമറ
- പ്രോസസർ: ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്‌സെറ്റ്
- കളർ ഓപ്‌ഷനുകൾ: ആർട്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്‌സ്, മിഡ്‌നൈറ്റ് ഓഷ്യൻ
- IP68, 69 റേറ്റിങ്
- ബാറ്ററി കപ്പാസിറ്റി: 6,000mAh
- ചാർജിങ്: 100W ഫ്ലാഷ് വയേർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ്, 5W റിവേഴ്‌സ് വയേർഡ് ചാർജിങ്, 10W റിവേഴ്‌സ് വയർലെസ് ചാർജിങ്
ഇന്ത്യയിൽ വൺപ്ലസ് 13ന്‍റെ വില 70,000 രൂപയിൽ താഴെയായിരിക്കും. വൺപ്ലസ് 12ന്‍റെ ഇന്ത്യയിലെ വില 64,999 രൂപയാണ്. 210 ഗ്രാം ആയിരിക്കും ഫോണിന്‍റെ ഭാരം. വൺപ്ലസ് 13ന്‍റെ കൂടുതൽ വിവരങ്ങൾ വരും ആഴ്‌ചകളിൽ പുറത്തുവരും.