ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ലക്ഷ്വറി പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്‌ട്രീസ് മേധാവിയും, ഇന്ത്യയിലെ ഏറ്റവും വലിയ ധനികനുമായ മുകേഷ് അംബാനി. ബോയിങ് ബിബിജെ 737 മാക്‌സ് 9 ആണ് അംബാനി സ്വന്തമാക്കിയ ആഢംബര ജെറ്റ്. ഏകദേശം 1000 കോടിയോളം രൂപ മുടക്കിയാണ് അദ്ദേഹം ബോയിങിന്‍റെ വിമാനം വാങ്ങിയത്.
ദീർഘദൂരയാത്രകൾ കണക്കിലെടുത്താണ് പുതിയ ജെറ്റ് സ്വന്തമാക്കിയത്. ഇതോടെ അംബാനി സ്വന്തമാക്കിയ പത്താമത്തെ സ്വകാര്യ ജെറ്റ് ആവും ബോയിങ് ബിബിജെ 737 മാക്‌സ് 9. ഇന്ത്യയിൽ ഇതുവരെ ആർക്കും തന്നെ ഇങ്ങനെയൊരു വിമാനം ഇല്ലെന്നതിനാൽ, വിമാനം ഇന്ത്യയിലെത്തുന്നത് ഏറെ നാളായി ചർച്ചയായിരുന്നു.
വില: ഏകദേശം 118.5 ദശലക്ഷം ഡോളറാണ് (ഏകദേശം 1000 കോടി) ബോയിങ് ബിബിജെ 737 മാക്‌സ് 9 ജെറ്റ് വിമാനത്തിന്‍റെ വില. നിലവിൽ ഡൽഹി വിമാനത്താവളത്തിലുള്ള വിമാനം, നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലെത്തിച്ചത്. ബാസൽ, ജനീവ, ലണ്ടൻ എന്നിവിടങ്ങളിലാണ് പരീക്ഷണ പറക്കൽ നടത്തിയത്.
അത്യാധുനിക സൗകര്യങ്ങൾ:
അംബാനി കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് വിമാനം കസ്റ്റമൈസേഷൻ ചെയ്‌താണ് ഇന്ത്യയിലെത്തിച്ചത്. നിരവധി അത്യാധുനിക സൗകര്യങ്ങളോടെയാണ് വിമാനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. MSN 8401 എന്ന നമ്പറുള്ള ഈ ആഡംബര പ്രൈവറ്റ് ജെറ്റിന് വിശാലമായ ക്യാബിൻ ഉണ്ട്. രണ്ട് CFMI LEAP-1B എഞ്ചിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്.
ഒരേസമയം 11,770 കിലോ മീറ്റർ സഞ്ചരിക്കാനാവുന്ന വിമാനം അംബാനിയുടെ ദീർഘദൂരയാത്രകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്‌തതാണെന്നതിൽ സംശയമില്ല. സൗകര്യത്തിൻ്റെയും വേഗതയുടെയും ആഡംബരത്തിൻ്റെയും സംയോജനമായി കണക്കാക്കാവുന്ന ബോയിങ് ബിബിജെ 737 മാക്‌സ് 9, ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ലക്ഷ്വറി പ്രൈവറ്റ് ജെറ്റ് ആണ്.
New Boeing 737 Max-9 Boeing Business Jet(BBJ) of Mukesh Ambani landed in India.
— RajBhaduriAviator (@RajBhads90) September 4, 2024
As of now the aircraft is registered as T-7 LOTUS in Tax Haven San Marino
Probably would be re-registered in India later pic.twitter.com/N8wUwKq5VC
അംബാനിയുടെ പത്താമത്തെ പ്രെവറ്റ് ജെറ്റ്:
പുതിയ ബോയിംഗ് 737 MAX 9 കൂടാതെ, 9 ആഡംബര സ്വകാര്യ ജെറ്റുകൾ കൂടി അംബാനി കുടുംബത്തിന് സ്വന്തമായി ഉണ്ട്. മുകേഷ് അംബാനിയെ കൂടാതെ, ലക്ഷ്‌മി മിത്തൽ, പങ്കജ് മുഞ്ജൽ, കലാനിധി മാരൻ, നവീൻ ജിൻഡാൽ, അഡാർ പൂനാവാല, ഗൗതം അദാനി തുടങ്ങിയ നിരവധി വ്യവസായി പ്രമുഖർക്കും സ്വന്തമായി ജെറ്റ് വിമാനമുണ്ട്. കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ എന്നിവർക്കും സ്വകാര്യ വിമാനങ്ങളുണ്ട്. എന്നാൽ രാജ്യത്ത് അൾട്രാ ലക്ഷ്വറി പ്രൈവറ്റ് ജെറ്റ് ആദ്യമായി സ്വന്തമാക്കിയത് മുകേഷ് അംബാനി തന്നെയാണ്.