ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ G04s പുറത്തിറക്കാനൊരുങ്ങി മോട്ടറോള. അടുത്തിടെയാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ ഇറക്കി ഉപഭോക്താക്കളെ ഞെട്ടിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ മോഡലുമായി മോട്ടറോള എത്തിയിരിക്കുന്നത്. മെയ് 30ന് പുറത്തിറങ്ങുന്ന മോട്ടോ G04s നായി പ്രൊമോ പേജ് വരെ ഒരുക്കിയിരിക്കുകയാണ് ഫ്ലിപ്‌കാർട്ട്.
ആകർഷകമായ സവിശേഷതകൾ നിറഞ്ഞതാണ് മോട്ടറോള മോട്ടോ G04s. ഏറ്റവും പുതിയ Android 14 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ മോഡൽ Unisoc T606 SoC പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്‌റ്റോറേജും ഉള്ളതിനാൽ ഉപയോക്താക്കൾക്ക് സുഗമമായ മൾട്ടിടാസ്‌കിങ് അനുഭവം ലഭ്യമാവും.
6.6 ഇഞ്ച് 90Hz HD+ LCD ഡിസ്‌പ്ലേയും ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും ഉള്ളതാണ് മോട്ടറോള മോട്ടോ G04s. ഫോട്ടോഗ്രാഫിക്കായി 5 എംപി സെൽഫി ക്യാമറയും ഉയർന്ന റെസല്യൂഷനുള്ള 50 എംപി സെൻസറുള്ള റിയർ ക്യാമറയും മോട്ടോ G04sന്‍റെ മറ്റൊരു സവിശേഷതയാണ്. സ്വിഫ്റ്റ് അൺലോക്കിംഗിനായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനറും ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആധുനിക യുഎസ്‌ബി-സി കണക്റ്റിവിറ്റിയ്‌ക്കൊപ്പം ക്ലാസിക് 3.5mm ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. 15W ഫാസ്‌റ്റ് ചാർജിങ് സംവിധാനത്തോടെയുള്ള 5,000 mAh ബാറ്ററി മറ്റൊരു സവിശേഷതയാണ്. കറുപ്പ്, നീല, ഓറഞ്ച്, പച്ച എന്നിവയുൾപ്പെടെയുള്ള പല നിറങ്ങളിൽ മോട്ടോ G04s ലഭ്യമാണ്. അതേസമയം മോട്ടറോള മോട്ടോ G04s ന്‍റെ വില ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിലയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി സ്‌മാർട്ട്‌ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.