ഹൈദരാബാദ്: തങ്ങളുടെ പുതിയ സിബി300എഫ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. 85 ശതമാനം എഥനോൾ ചേർന്ന ഇന്ധനം(E85) ഉപയോഗിക്കാൻ സാധിക്കുന്ന എഞ്ചിനാണ് പുതിയ മോഡലിൽ നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ 300cc ഫ്ലെക്‌സ് ഫ്യുവൽ ബൈക്ക് കൂടിയാണ് ഇത്. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് പുതിയ ബൈക്ക് ആദ്യമായി പ്രദർശിപ്പിച്ചത്.
CB300F മുൻ മോഡലുകളിൽ നിന്നും ഡിസെനിലോ ഫീച്ചറിലോ വലിയ മാറ്റങ്ങൾ വരുത്താതെയാണ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ് പുറത്തിറക്കിയിരുന്നത്. CB300F ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിൽ ഇന്ധന ടാങ്ക് കവറിൽ പച്ച നിറത്തിലുള്ള ഡെക്കൽ നൽകിയിട്ടുണ്ട്. എന്നാൽ CB300Fന്‍റെ ബേസിക് മോഡലുകളിൽ ഇത് ലഭ്യമല്ല.
ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിൽ ഡെക്കലിൽ 'ഫ്ലെക്‌സ്‌ടെക്' എന്ന് എഴുതിയിട്ടുണ്ട്. സ്റ്റാൻഡേർഡ് മോഡലിന്‍റെ അതേ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററാണ് ഫ്ലെക്‌സ് പതിപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ബൈക്കിന് മുൻവശത്ത് USD ഫോർക്ക് സജ്ജീകരണവും പിൻവശത്ത് മോണോഷോക്കും നൽകിയിട്ടുണ്ട്.
ഡ്യുവൽ-ചാനൽ എബിഎസോടു കൂടിയ ഡിസ്‌ക് ബ്രേക്കുകളാണ് പുതിയ ബൈക്കിന് ഇരുവശത്തും സ്ഥാപിച്ചിട്ടുള്ളത്. 24.5 bhp കരുത്തും 25.9 Nm ടോർക്കും നൽകുന്ന സിംഗിൾ സിലിണ്ടർ ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനാണ് CB300F ഫ്ലെക്‌സ് പതിപ്പിൽ നൽകിയിരിക്കുന്നത്. 6-സ്‌പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്.
സിബി300എഫ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിന്‍റെ വില:
CB300Fന്‍റെ മുൻ മോഡലുകൾക്ക് സമാനമായ ഡിസൈനും ഫീച്ചറുകളുമാണ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിൽ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വിലയും സ്റ്റാൻഡേർഡ് മോഡലുകൾക്ക് സമാനമാണ്. 1.70 ലക്ഷം രൂപയാണ് ഹോണ്ട സിബി300എഫ് ഫ്ലെക്‌സ് പതിപ്പിന്‍റെ എക്‌സ് ഷോറൂം വില. ഒക്‌ടോബർ അവസാനം ഹോണ്ടയുടെ ഡീലർഷിപ്പുകളിൽ ബൈക്ക് ലഭ്യമാകും.
ഫ്ലെക്‌സ് ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള ഈ ബൈക്ക് സ്‌പോർട്‌സ് റെഡ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്‌ഷനുകളിൽ ലഭ്യമാണ്. ഇതേ കളറുകളിൽ CB300Fന്‍റെ സ്റ്റാൻഡേർഡ് മോഡലുകളും വിപണിയിൽ ലഭ്യമാണ്.
ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ എന്നാൽ എന്ത്?
ഒന്നിലധികം ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്നതാണ് ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുകൾ. സാധാരണയായി പെട്രോളിന്‍റെയും എഥനോളിന്‍റെയും മിശ്രിതമാണ് ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനിൽ ഉപയോഗിക്കുന്നത്. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളുമായാണ് ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിൻ പ്രവർത്തിക്കുന്നത്.
ഫ്ലെക്‌സ് ഫ്യുവൽ എഞ്ചിനുകൾക്ക് പൂർണമായും പെട്രോളിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളേക്കാൾ എമിഷൻ കുറവായിരിക്കും. CB300F ഫ്ലെക്‌സ് ഫ്യുവൽ പതിപ്പിന്‍റെ ഇന്ധനത്തിൽ എഥനോളിന്‍റെ അളവ് 85 ശതമാനത്തിൽ അധികമായാൽ മുന്നറിയിപ്പ് ലഭ്യമാകും.