മെച്ചപ്പെട്ട ഫീച്ചറുകളുമായി ടെക് ഭീമനായ ആപ്പിൾ പുതിയ ഐപാഡ് മിനി 7 അവതരിപ്പിച്ചു. A17 പ്രോ ചിപ്പും ആപ്പിൾ ഇൻ്റലിജൻസും സംയോജിപ്പിച്ചുള്ളതാണ് ഐപാഡിന്‍റെ പ്രവർത്തനം. അതിനാൽ തന്നെ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നതിൽ സംശയമില്ല. വേഗതയേറിയ സിപിയുവും ജിപിയുവും ആണ് നൽകിയിരിക്കുന്നത്. കൂടാതെ മുൻ മോഡലുകളേക്കാൾ 2 മടങ്ങ് വേഗതയുള്ള ന്യൂറൽ എഞ്ചിനും പുതിയ ഐപാഡ് മിനിയിൽ ഉണ്ട്.
മികച്ച പ്രകടനം നൽകുന്ന ചിപ്പ്‌സെറ്റാണ് A17 പ്രോ. ഫോട്ടോകൾ എഡിറ്റ് ചെയ്യാനും കൂടുതൽ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഫീച്ചറുകൾ ലഭ്യമാകുന്നതിനും A17 പ്രോ ചിപ്പ് വഴി സാധിക്കും. കൂടുതൽ ഭാഷകളും ചിത്രങ്ങളും മനസിലാക്കാനും ഉപഭോക്താക്കളുടെ ദൈന്യംദിന ജോലികൾ എളുപ്പമാക്കുന്നതിനും ആപ്പിൾ ഇന്‍റലിജൻസ് വഴി സാധ്യമാകും.
അൾട്രാപോർട്ടബിൾ ഡിസൈനിൽ അവതരിപ്പിച്ച ഐപാഡ് മിനി നാല് ഫിനിഷുകളിൽ ലഭ്യമാണ്. ആപ്പിൾ പെൻസിൽ പ്രോ ഉപയോഗിക്കാനുള്ള സംവിധാനവും ഫീച്ചർ ചെയ്‌തിട്ടുണ്ട്. 8.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, 12എംപി വൈഡ് ബാക്ക് ക്യാമറ, ഉയർന്ന ഡൈനാമിക് റേഞ്ചുള്ള ഫോട്ടോകൾക്കായി സ്‌മാർട്ട് എച്ച്‌ഡിആർ 4 സപ്പോർട്ടും നൽകിയിട്ടുണ്ട്.
ക്യാമറ ആപ്പിൽ തന്നെ ഡോക്യുമെൻ്റുകൾ കണ്ടെത്താനും സ്‌കാൻ ചെയ്യാനും സാധിക്കുന്ന തരത്തിൽ മെഷീൻ ലേണിങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. മുൻ മോഡലുകളേക്കാൾ ഇരട്ടി സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഐപാഡ് മിനി ഇപ്പോൾ മുൻകൂട്ടി ഓർഡർ ചെയ്യാൻ സാധിക്കും. ഒക്ടോബർ 23 മുതൽ ആയിരിക്കും വിൽപ്പന ആരംഭിക്കുക.
ഐപാഡ് മിനിയുടെ വില:
പുതിയ ഐപാഡ് മിനി മോഡലിന്‍റെ വില പറയുകയാണെങ്കിൽ, മിനി വൈഫൈ മോഡലിന്‍റെ വില 49,900 രൂപയിലും വൈഫൈ + സെല്ലുലാർ മോഡലിന്‍റെ വില 64,900 രൂപയിലും ആണ് ആരംഭിക്കുന്നത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള ഐപാഡ് മിനിയുടെ വില പ്രാരംഭ വില 44,900 രൂപ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഐപാഡ് മിനി 256 ജിബി, 512 ജിബി വേരിയന്‍റുകളിൽ ലഭ്യമാണ്.