ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. ഗൂഗിൾ പിക്‌സൽ ഫോണുകളിലാണ് ആദ്യമായി ആൻഡ്രോയ്‌ഡ് 15 അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് പുതിയ ആൻഡ്രോയ്‌ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
തെഫ്‌റ്റ് ഡിറ്റക്ഷൻ ലോക്ക്: ആൻഡ്രോയ്‌ഡ് 15 ഉള്ള പിക്‌സൽ ഫോണുകളിൽ ലഭ്യമാകുന്ന ചില പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഗൂഗിൾ വിവരിച്ചിരുന്നു. മോഷ്‌ടിക്കപ്പെട്ടാൽ ഫോൺ സ്വയം ലോക്ക് ചെയ്യുന്നതിനും, ഉടമയ്‌ക്ക് എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉള്ള സൗകര്യങ്ങൾ ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ലഭിക്കും. കൂടാതെ ഫോൺ മോഷണം പോയാൽ മറ്റൊരു ഡിവൈസിൽ നിന്ന് തന്നെ ഫോൺ ലോക്ക് ചെയ്യാനും ഉടമയ്‌ക്ക് കഴിയും. ഇതിനായുള്ള എഐ ടെക്‌നോളജി ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ലഭ്യമാകും.
കൂടാതെ മോഷ്‌ടാവ് നിങ്ങളുടെ സിം പുറത്തെടുക്കാനോ, ഫൈൻഡ് മൈ ഡിവൈസ് ഓപ്‌ഷൻ പ്രവർത്തന രഹിതമാക്കാനോ ശ്രമിക്കുമ്പോൾ, വെരിഫിക്കേഷൻ ആവശ്യമായി വരും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ക്രഡൻഷ്യൽ ആവശ്യമായി വരുന്നതിനാൽ തന്നെ മോഷ്‌ടാവിന് ഫോൺ ഉപയോഗിച്ച് ഒന്നും ചെയ്യാൻ സാധിക്കാതെ വരും.
പ്രൈവറ്റ് സ്പേസ് ഫീച്ചർ: ആൻഡ്രോയ്‌ഡ് 15 അപ്‌ഡേഷൻ വഴി ലഭിക്കുന്ന മറ്റൊരു ഫീച്ചറാണ് പ്രൈവറ്റ് സ്പേസ് ഫീച്ചർ. സ്വകാര്യ ആപ്പുകൾ മറ്റാർക്കും ദൃശ്യമാകാത്ത രീതിയിൽ ക്രമീകരിക്കാൻ ഈ ഫീച്ചർ വഴി സാധ്യമാകും. ഇത്തരം ആപ്പുകൾ ലോക്ക് ചെയ്യുന്നത് വഴി ആപ്പ് ലിസ്‌റ്റിലോ, അവസാനം സെർച്ച് ചെയ്‌ത ആപ്പുകളുടെ ഇടയിലോ ദൃശ്യമാകില്ല. കൂടാതെ ഇത്തരം ആപ്പുകളിൽ നിന്നും വരുന്ന നോട്ടിഫിക്കേഷനുകളും അദൃശ്യമായിരിക്കും.
ഫോൾഡബിൾ ഫോണുകളിൽ ലഭിക്കുന്ന ഫീച്ചറുകൾ:
പിക്‌സലിന്‍റെ ഫോൾഡബിൾ ഫോണുകളും ടാബ്‌ലെറ്റുകളും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സ്പ്ലിറ്റ് സ്‌ക്രീനിൽ മൾട്ടി ടാസ്‌കിങ് സാധ്യമാക്കുന്ന കൂടുതൽ ആപ്പുകൾ ക്രമീകരിക്കാനാകും. ഇതുവഴി ഒരേ സമയം രണ്ട് ആപ്പുകൾ സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാൻ കഴിയും. കൂടാതെ ഇഷ്‌ടാനുസൃതമാക്കിയ ലേഔട്ടിനായി സ്‌ക്രീനിലേക്ക് ടാസ്‌ക്ബാർ പിൻ ചെയ്യാനും, ഇത് പ്രവർത്തനരഹിതമാക്കാനും സാധിക്കും.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ: ആൻഡ്രോയിഡ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഇന്‍റർനെറ്റ് കണക്ഷനോ, വൈ ഫൈ കണക്ഷനോ ലഭ്യമാകാത്ത സമയത്ത് സന്ദേശങ്ങൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും സാറ്റലൈറ്റ് കണക്റ്റിവിറ്റി സഹായിക്കും.
മെച്ചപ്പെട്ട ഉപയോക്തൃ ഇൻ്റർഫേസ് (UI) ഘടകങ്ങൾ, പാസ്‌കീകൾക്കുള്ള മെച്ചപ്പെട്ട സപ്പോർട്ട്, മൂന്നാം കക്ഷി ആപ്പുകൾക്കുള്ള ക്യാമറ നിയന്ത്രണങ്ങൾ തുടങ്ങിയവയാണ് മറ്റ് പ്രധാന മാറ്റങ്ങൾ.
ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും?
ഗൂഗിൾ പിക്‌സലിന്‍റെ ഫോണുകളിലും ടാബ്‌ലെറ്റിലുമാണ് ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. ഏതൊക്കെ ഫോണുകളിലാണ് ലഭ്യമാവുകയെന്ന് പരിശോധിക്കാം.
- പിക്‌സൽ 6
- പിക്‌സൽ 6 പ്രോ
- പിക്‌സൽ 6 എ
- പിക്‌സൽ 7
- പിക്‌സൽ 7 പ്രോ
- പിക്‌സൽ 7 എ
- പിക്‌സൽ ഫോൾഡ്
- പിക്‌സൽ ടാബ്‌ലെറ്റ്
- പിക്‌സൽ 8
- പിക്‌സൽ 8 പ്രോ
- പിക്‌സൽ 8 എ
- പിക്‌സൽ 9
- പിക്‌സൽ 9 പ്രോ
- പിക്‌സൽ 9 പ്രോ XL
- പിക്‌സൽ 9 പ്രോ ഫോൾഡ്
എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
മുകളിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും പിക്‌സൽ ഉപകരണമാണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ ആൻഡ്രോയ്‌ഡ് 15ലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി 'സെറ്റിങ്‌സ്' ഓപ്‌ഷനിൽ സിസ്‌റ്റം മെനു തെരഞ്ഞെടുത്ത് താഴേക്ക് സ്ക്രോൾ ചെയ്‌താൽ അതിൽ 'സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ' എന്ന് കാണാനാകും. തുടർന്ന് സ്‌ക്രീനിൻ്റെ ചുവടെ വലതുവശത്ത് വന്നുകിടക്കുന്ന അപ്‌ഡേറ്റുകൾ പരിശോധിക്കുക. ആൻഡ്രോയിഡ് 15 അപ്‌ഡേറ്റ് ലഭ്യമാണെങ്കിൽ 'ഡൗൺലോഡ് ആൻഡ് ഇൻസ്‌റ്റാൾ' ഓപ്ഷൻ ക്ലിക്ക് ചെയ്‌ത് നിർദ്ദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്യുക.