വീഡിയോ: ഉറങ്ങിക്കിടന്ന കടുവയോട് സാഹസികത: പട്ടിയെ ഞൊടിയിടയിൽ കടിച്ചുകൊന്ന് കടുവ - കടുവ ആക്രമണം
🎬 Watch Now: Feature Video
സവായ് മാധോപൂർ: ഉറങ്ങിക്കിടയ്‌ക്കുകയായിരുന്ന കടുവയ്‌ക്ക് നേരെ കുരച്ച് പാഞ്ഞ തെരുവനായയെ കടിച്ചുകീറി കടുവ. രാജസ്ഥാനിലെ രൺതംബോർ കടുവ സങ്കേതത്തിലാണ് സംഭവം. ടി-120 ആൺകടുവ സമാധാനമായി ഉറങ്ങുകയായിരുന്നു.
അപ്പോഴാണ് അലഞ്ഞു തിരിഞ്ഞ് ഒരു പട്ടി കടുവയ്ക്ക് സമീപത്ത് എത്തിയത്. പട്ടി എല്ലാവരോടും ചെയ്യുന്നത് പോലെ കടുവയെ നോക്കിയും കുരച്ചു. ശല്യം പോട്ടെയെന്ന് വിചാരിച്ച് പട്ടിയുടെ കുര കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ കടുവ കിടന്നു. അപ്പോള്‍ പട്ടിക്ക് പിന്നെയും ധൈര്യം... വീണ്ടും ഒന്നുകൂടി കടുവയെ നോക്കി കുരച്ചു.. കലി കയറിയ കടുവ ചാടിയെഴുന്നേറ്റു. അപ്പോള്‍ പട്ടിക്കും ആവേശം. പിന്നെയും കടുവയെ നോക്കി കുരച്ചു, ഇക്കുറി കടുവയ്ക്ക് നേരെ ചാടിക്കയറുകയും ചെയ്തു.
പക്ഷേ പട്ടിക്ക് ആളുമാറി പോയി... കടുവ മുന്നോട്ട് കുതിച്ച് പട്ടിയെ തലയ്ക്ക് കടിച്ചെടുത്ത് നിലത്തടിച്ചു.. ഒറ്റപിടയില്‍ തീര്‍ന്നു.... പട്ടിയുടെ കുരയും ആവേശവും...
കടുവ സങ്കേതത്തിലെത്തിയ സഞ്ചാരികളും ഈ നിർഭാഗ്യകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. സഞ്ചാരികളിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനകം വ്യാപകമായി പ്രചരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. ടി-107 സുൽത്താന എന്ന പെൺകടുവ തെരുവ് നായയെ വേട്ടയാടി പിടികൂടി കൊന്നു. കടുവ സങ്കേതത്തിനുള്ളിൽ തെരുവ് നായകൾ അധികരിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്‌ത്തിരിക്കുകയാണ്. ഇവ മൂലം വന്യമൃഗങ്ങൾക്ക് രോഗങ്ങളും വൈറസ് ബാധകളും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് അധികൃതർ.