സ്വർണക്കടത്തിൽ ഭരണപക്ഷ പങ്ക് വ്യക്തമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - മുസ്ലിം ലീഗ്
🎬 Watch Now: Feature Video
മലപ്പുറം: സ്വർണക്കടത്തിൽ നേതാക്കളും പ്രവര്‍ത്തകരും നേരിട്ട് പങ്കാളികളാകുന്നുവെന്നും സംഭവത്തിലെ രാഷ്‌ട്രീയ ബന്ധം ഗൗരവമായി കാണണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾക്ക് ആശങ്കയും സംശയവും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളും നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും എല്ലാം ഈ കേസിലും ഉള്‍പ്പെടുന്നു. പണം ഉണ്ടാക്കി രാഷ്‌ട്രീയ പ്രവർത്തനങ്ങളും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്താനുള്ള ആസൂത്രിത നീക്കമാണിത്.
അര്‍ജുന്‍ ആയങ്കി ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ലെന്ന് പ്രതികള്‍ക്ക് തന്നെ അറിയാം. സംഭവത്തിൽ പാര്‍ട്ടിയുടെയും ഭരണപക്ഷത്തിന്‍റെയും പങ്കില്‍ സംശയമില്ല. കേസിൽ ഉൾപ്പെട്ട പ്രതികളുടെ പശ്ചാത്തലവും മുൻകാല ചരിത്രവും നോക്കിയാല്‍ ഇക്കാര്യം മനസിലാകും. രാഷ്ട്രീയ സഹായം തന്നെയാണ് പ്രതികളുടെ സുരക്ഷയെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. വിഷയത്തിൽ പ്രതിപക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.