മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ വനത്തില്‍ നിന്ന് പുറത്തെത്തിച്ചു - attappadi maoist attack news updates
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4901210-thumbnail-3x2-maoist.jpg)
പാലക്കാട്: തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് കൊല്ലപ്പെട്ട മൂന്ന് പേരുടേയും ഇന്ന് ഇൻക്വസ്റ്റ് നടക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടേയും മൃതദേഹങ്ങളാണ് പുറത്തെത്തിച്ചത്. സുരേഷ്, കാർത്തിക്, ശ്രീമതി, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഒറ്റപ്പാലം സബ് കലക്‌ടറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തും. ഇന്നലെ കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ സബ് കലക്‌ടറുടെയും എസ്‌പി ജി.ശിവവിക്രത്തിന്‍റെയും നേതൃത്വത്തിലുള്ള സംഘം രാവിലെ പത്ത് മണിയോടെ വനത്തിനുള്ളിൽ പ്രവേശിച്ചു. ഇവരോടൊപ്പം മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെ തിരയുന്നതിനായി തണ്ടർബോൾട്ടിന്‍റെ 10 പേർ വീതമടങ്ങുന്ന രണ്ട് സംഘം കൂടി ഉൾവനത്തിലേക്ക് നീങ്ങി. മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന പ്രദേശത്ത് എത്തിയതോടെയാണ് രണ്ടാമതും വെടിവെയ്പ്പുണ്ടായത്. മലമുകളിൽ നിന്നും മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ പ്രത്യാക്രമണത്തിലാണ് ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടത്. കേരളാ പൊലീസിനും തണ്ടർബോൾട്ടിനുമൊപ്പം കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും മഞ്ചിക്കണ്ടിയിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്.
Last Updated : Oct 29, 2019, 7:23 PM IST
TAGGED:
maoist hunt in Kerala news