ശബരിമല വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്ത

🎬 Watch Now: Feature Video

thumbnail

By

Published : Mar 29, 2021, 4:07 PM IST

കോഴിക്കോട്: ശബരിമല വിഷയത്തിൽ യഥാർഥ നിലപാട് എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം പരിശോധിക്കുമെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണത്തോടെയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. സിപിഎമ്മിൽ ആര് പറഞ്ഞതാണ് ശരിയെന്ന് അറിയാൻ താൽപര്യമുണ്ട്. യെച്ചൂരി ഒന്ന് പറയുന്നു, പിണറായി മറ്റൊന്ന് പറയുന്നു, ദേവസ്വം മന്ത്രി വിലപിക്കുന്നു ഇത് ഒരു പാർട്ടിക്ക് ചേർന്നതാണോ എന്നും മുല്ലപ്പള്ളി ചോദിച്ചു. ശബരിമല വിഷയം ഇപ്പോൾ ശക്തമാക്കിയത് സിപിഎമ്മിൻ്റെ ആശയ പ്രതിസന്ധി കാരണമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രചാരണ ആയുധമായിരുന്നില്ല ശബരിമല. എന്നാൽ ഈ തവണ രംഗത്തുണ്ട്. ബിജെപിയ്ക്ക് ഇതിൻ്റെ ഗുണം ലഭിക്കില്ലെന്നും മുല്ലപ്പള്ളി ഇടിവി ഭാരതിനോട് പറഞ്ഞു. മലയാളികളുടെ അന്നം മുടക്കാൻ തുടക്കമിട്ടത് പിണറായി വിജയനാണ്. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ച അരി വിതരണത്തിനെതിരെ പിണറായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കൊവിഡ് മഹാമാരിയുടെ പേരിൽ കേരളത്തിൽ നടന്നത് ധൂർത്താണ്. തെരഞ്ഞെടുപ്പ് കാലത്തും പ്രചാരണത്തിൻ്റെ ഭാഗമായി ആർഭാടം തുടരുകയാണ്. തുടർ ഭരണം സാധ്യമായാൽ കേരളത്തിൽ ദുരന്തമായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് സർവേകൾ പിആർ വർക്കിൻ്റെ ഭാഗമായി തയ്യാറാക്കിയതാണ്. സർവേ നടത്തിയ പല ഏജൻസികളും കോൺഗ്രസ് ആസ്ഥാനത്ത് എത്തി തന്നെയും കണ്ടിരുന്നു. എങ്ങിനെ വേണമെങ്കിലും ആവാമെന്നാണ് അവർ പറഞ്ഞത്. വലിയ പണമിറക്കി വിശ്വാസ്യത തീരെയില്ലാതെ നടത്തുന്ന അഭ്യാസമാണ് അഭിപ്രായ സർവേകളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.