പിണറായിയുടേത് ജനാധിപത്യ സർക്കാരല്ലെന്ന് എകെ ആന്‍റണി - AK Antony against Pinarai Vijayan
🎬 Watch Now: Feature Video
തിരുവനന്തപുരം: പിണറായി വിജയന്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ നാശമെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്‍റണി. പി.എസ്.സിയെ നോക്കു കുത്തിയാക്കി അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ വഴി നിയമനം നല്‍കി. ശബരിമല വിധി വന്നപ്പോള്‍ നവോഥാനത്തിന്‍റെ പേരു പറഞ്ഞ് 200 പൊലീസുകാരുടെ അകമ്പടിയോടെ രണ്ട് വനിതകളെ ശബരിമലയിലേക്കു കൊണ്ടുപോയി. ഇത്രയും ധിക്കാരവും ധൂര്‍ത്തും അഴിമതിയും നിറഞ്ഞ ഒരു സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടു വന്നാല്‍ പിന്നെ പിണറായി വിജയനെ ആര്‍ക്കും നിയന്ത്രിക്കാനാകില്ല. സിപിഎം പൊളിറ്റ് ബ്യൂറോയ്‌ക്കോ പാര്‍ട്ടി സെക്രട്ടേറിയറ്റിനോ എല്‍ഡിഎഫിനോ കഴിയില്ല.
രാജഭരണ കാലത്തെപ്പോലെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത കാലത്തിലേക്ക് മടങ്ങി പോകും. എല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിക്കുന്നു. എന്തിനും ഏതിനും പിണറായി വിജയന്‍ മാത്രം. ഒരാള്‍ നിയന്ത്രിക്കുന്ന സർക്കാർ ജനാധിപത്യ സർക്കാരല്ല. എല്ലാം പിണറായിയില്‍ തുടങ്ങി പിണറായിയില്‍ അവസാനിക്കുന്നു. യുഡിഎഫ് മുഖ്യമന്ത്രി ഒരിക്കലും ഏകാധിപതിയാകില്ല. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു വേണ്ടത് കിറ്റല്ല, ജോലിയാണ്. ജനങ്ങള്‍ ആവശ്യപ്പെടുന്നത് സ്ഥിരവരമാനവും തൊഴിലുമാണെന്നും കിറ്റുവാങ്ങി ദരിദ്രരായി ജീവിക്കാനല്ല കേരള ജനത ആഗ്രഹിക്കുന്നതെന്നും എകെ ആന്‍റണി ഇടിവി ഭാരതിനോടു പറഞ്ഞു
Last Updated : Mar 27, 2021, 6:13 PM IST