മാമ്പഴം ചോദിച്ച് വീട്ടിലെത്തിയവർ എട്ട് പവൻ സ്വർണം കവർന്നതായി പരാതി - Gold ornaments stolen Kottayam
🎬 Watch Now: Feature Video
കോട്ടയം: മാമ്പഴം ചോദിച്ചു വീട്ടിലെത്തിയവർ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ ആക്രമിച്ച്, എട്ടു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നതായി പരാതി. കോട്ടയം ഉഴവൂർ സ്വദേശി കുഴിപ്പള്ളിൽ ഏലിയാമ്മ ജോസഫിന്‍റെ (75) ആഭരണങ്ങളാണ് രണ്ടംഗ സംഘം കവർന്നതായി പരാതിയുള്ളത്. സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച (25.05.2023) ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തിയ രണ്ടു യുവാക്കൾ കുടിക്കാൻ കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. കഞ്ഞിവെള്ളം ഇല്ലെന്ന് പറഞ്ഞതോടെ മുറ്റത്തെ മാവിലെ മാമ്പഴം വേണമെന്നായി. മാമ്പഴം എടുക്കാനായി വീടിനുള്ളിലേക്ക് കയറിയ വയോധികക്ക് പിന്നാലെ എത്തിയ ആൾ വീടിനുള്ളിൽ വച്ച് ഏലിയാമ്മയെ ബലമായി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ബഹളം വച്ചെങ്കിലും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് കയ്യിൽ കിടന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരി എടുക്കുകയായിരുന്നു. വയോധികയുടെ ബഹളം കേട്ട ഉടനെ അയൽവാസികൾ ഓടിയെത്തിയെങ്കിലും യുവാക്കൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞിരുന്നു. ഒരാഴ്‌ച മുൻപ് മറ്റൊരാൾക്ക് വേണ്ടി ചികിത്സ സഹായം ആവശ്യപ്പെട്ട് നാല് പേർ വീട്ടിൽ എത്തിയിരുന്നു. ആ സംഘത്തിലെ ഒരാൾ ഇന്നലെ വന്നവരിൽ ഉണ്ടായിരുന്നു എന്നാണ് ഏലിയാമ്മ പറയുന്നത്.
ALSO READ : 'സിഐയും എസ്ഐയും ഗൂഗിൾ പേ ചെയ്യും' ; തിരുവനന്തപുരത്ത് 5 കിലോ മാമ്പഴം വാങ്ങി മുങ്ങി പൊലീസുകാരൻ
മക്കൾ വിദേശത്തായതിനാൽ ഉഴവൂരിലെ വീട്ടിൽ എഴുപത്തഞ്ചുകാരിയായ ഏലിയാമ്മ ഒറ്റയ്ക്കാണു താമസം. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ആരെയും പിടികൂടാനായിട്ടില്ല.