Attack on KSRTC| വിദ്യാർഥിനിയുമായി സംസാരിച്ചിരുന്നത് ചോദ്യം ചെയ്‌ത് യുവാവിനെ തള്ളി താഴെയിട്ടു; കെഎസ്ആർടിസി കണ്ടക്‌ടര്‍ അറസ്‌റ്റില്‍ - കണ്ടക്‌ടര്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ യുവാവിനെ തള്ളിയിട്ട് മർദിച്ച സംഭവത്തിൽ കണ്ടക്‌ടറെ അറസ്‌റ്റ് ചെയ്‌തു. വെള്ളറട ഡിപ്പോയിലെ കണ്ടക്‌ടർ സുരേഷ് കുമാറാണ് അറസ്റ്റിലായത്. വെങ്ങാനൂർ സ്വദേശി ഋത്വിക്കിനാണ് ബസില്‍ വച്ച് മർദനമേറ്റത്.
ശനിയാഴ്‌ച (29.07.2023) രാവിലെയാണ് സംഭവം. യുവാവ് വിദ്യാർഥിനിയുമായി സംസാരിച്ചിരുന്നത് ചോദ്യം ചെയ്‌തതാണ് ഇരുവര്‍ക്കുമിടയിലെ തർക്കത്തിന് കാരണം. കാട്ടാക്കട പൊലീസാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്‌തത്. അതേസമയം ഋത്വിക്കിനെതിരെ സുരേഷ് കുമാറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജോലി തടസപ്പെടുത്തി എന്നാരോപിച്ചാണ് ഇയാള്‍ പരാതി നൽകിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സുരേഷ് കുമാർ ഋത്വിക്കിനെ ബസിനുള്ളിൽ തള്ളിയിട്ട് മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അടുത്തിടെ തിരുവനന്തപുരം ചിറയിൻകീഴിൽ യാത്രക്കാരെ കെഎസ്‌ആര്‍ടിസി വനിത കണ്ടക്‌ടർ അസഭ്യം പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ആറ്റിങ്ങൽ ഡിപ്പോയിലെ എ.ഷീബ എന്ന വനിത കണ്ടക്‌ടറാണ് യാത്രക്കാരോട് മോശമായി പെരുമാറിയത്. ആഹാരം കഴിക്കുന്ന സമയത്ത് യാത്രക്കാർ ബസിനകത്ത് കയറിയതാണ് പ്രകോപനത്തിന് കാരണമായത്. കൈക്കുഞ്ഞുമായി എത്തിയവരെ കണ്ടക്‌ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടുവെന്നായിരുന്നു ദൃക്‌സാക്ഷികളുടെ വിശദീകരണം. 'ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല' എന്നറിയിച്ചായിരുന്നു യാത്രക്കാരോട് വനിത കണ്ടക്‌ടറുടെ ആക്രോശം. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.