മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്നും താത്‌കാലികമായി പിന്‍വാങ്ങി ഗുസ്‌തി താരങ്ങള്‍, അനുനയിപ്പിച്ചത് കര്‍ഷക നേതാക്കള്‍ - മെഡലുകള്‍
🎬 Watch Now: Feature Video
ന്യൂഡല്‍ഹി: മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ ഗുസ്‌തി താരങ്ങള്‍ എത്തിയതോടെ ഹരിദ്വാറില്‍ അരങ്ങേറിയത് വൈകാരിക നിമിഷങ്ങള്‍. വൈകുന്നേരം ആറുമണിയോടെയാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയിലൊഴുക്കുന്നതിനായി ഹർ കി പൗരിയിൽ എത്തിയത്. റസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം.
അതേസമയം മെഡലുകള്‍ ഒഴുക്കി കളയാനെത്തിയ താരങ്ങള്‍ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരിച്ചത്. ഇവരെ വന്‍ ജനാവലിയും അനുഗമിച്ചിരുന്നു. എന്നാല്‍ ഈ സമയം കര്‍ഷക നേതാക്കള്‍ ഇടപെട്ട് മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ തന്നെ ഇവരില്‍ നിന്നും മെഡലുകള്‍ സ്വീകരിച്ച് താരങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു. മാത്രമല്ല വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിന് അഞ്ച് ദിവസത്തെ സമയവും നരേഷ് ടികൈതിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കള്‍ മുന്നോട്ടുവച്ച നിര്‍ദേശം സ്വീകരിച്ച് താരങ്ങള്‍ ഹരിദ്വാറില്‍ നിന്നും മടങ്ങുകയായിരുന്നു. കൂടാതെ അഞ്ച് ദിവസത്തേക്ക് പ്രതിഷേധവും താരങ്ങള്‍ അവസാനിപ്പിച്ചു.