വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; വ്യത്യസ്‌ത കേസുകളിൽ ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ
🎬 Watch Now: Feature Video
ഇടുക്കി: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ വനിതയെ കട്ടപ്പന പൊലീസ് പിടികൂടി. ഇടുക്കി കാഞ്ചിയാർ സ്വദേശിനി സിന്ധുവാണ് അറസ്റ്റിലായത്. കുവൈറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് കോഴിമല സ്വദേശിനിയായ ഷൈനിയെന്ന യുവതിയിൽ നിന്ന് പ്രതി മുരിക്കാട്ടുകുടി മറ്റത്തിൽ സിന്ധു ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്.
ആദ്യം ഒരു ലക്ഷത്തി അയ്യായിരം രൂപയും പിന്നീട് നാൽപ്പത്തി അയ്യായിരം രൂപയും കൈക്കലാക്കിയെന്നാണ് പരാതി. കഴിഞ്ഞ മാർച്ചിലാണ് പരാതിക്കാരി സിന്ധുവിനെ സമീപിച്ചത്. പണമടച്ചാൽ ഒരു മാസത്തിനകം കുവൈറ്റിലേക്ക് പോകാമെന്നായിരുന്നു വാഗ്‌ദാനം. ഹോം നഴ്‌സ് ജോലിയും പറഞ്ഞുറപ്പിച്ചിരുന്നു.
എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പുരോഗതി ഒന്നുമുണ്ടാകാതെ വന്നതിനെത്തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഷൈനി പൊലീസിൽ പരാതി നൽകിയത്. സിന്ധു കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കൽ നിന്നും സമാന രീതിയിൽ പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പണം നഷ്‌ടമായവർ ഡൽഹിയിൽ വൈദ്യപരിശോധനക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. പരാതിക്കാരി ഷൈനിയുടെ ബന്ധുവായ യുവാവിൽ നിന്നും ഒമാനിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പ്രതി സിന്ധു പണം തട്ടിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സിന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
തട്ടിയെടുത്തത് ഒന്നരക്കോടി: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്ത കട്ടപ്പനയിലെ ട്രാവൽ ഏജൻസി ഉടമ നെല്ലിപ്പാറ കാരിക്കക്കുന്നേൽ റോബിൻ ജോസിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഒന്നേകാൽ കോടി രൂപയോളമാണ് ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്. കോട്ടയം മണർകാട് സ്വദേശിനിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്.
ഇറ്റലിയിലേയ്ക്ക് പോയ സംഘത്തിലെ പത്ത് പേർ ദുബായ്, ഒമാൻ എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ കുടുങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വദേശികളായ 23 പേരിൽ നിന്നാണ് ഇറ്റലിയിൽ വീട്ടുജോലി വാഗ്‌ദാനം ചെയ്‌ത് മാസങ്ങൾക്ക് മുൻപ് 6.5 മുതൽ 7 ലക്ഷം രൂപ വരെ ട്രാവൽ ഏജൻസി വാങ്ങിയത്.
പണം നൽകിയവരിലേറെയും വീട്ടമ്മമാരാണ്. ഏജൻസി ഉടമ റോബിൻ ജോസിന് നേരിട്ടും അക്കൗണ്ടിലൂടെയുമായി തട്ടിപ്പിനിരയായവർ 1.26 കോടി രൂപ കൈമാറി. തുടർന്ന് ഉദ്യോഗാർഥികൾക്ക് ഓഫർ ലെറ്ററും വിസയും അടക്കം കൈമാറി. ഇതിനിടെ പണം നൽകിയവരിൽ മൂന്ന് പേർ പിൻവാങ്ങുകയും ചെയ്‌തു.
മെയ് അവസാനത്തോടെ ബാക്കി ഉദ്യോഗാർഥികൾ ഇറ്റലിയിലേയ്ക്ക് പുറപ്പെട്ടെങ്കിലും ദുബായ്, ഒമാൻ എന്നീ വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. രണ്ട് ദിവസം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇവരെ പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചയച്ചു.
പത്തോളം പേർ നാട്ടിലെത്തിയതായിട്ടാണ് സൂചന. എന്നാൽ മറ്റുള്ളവരെക്കുറിച്ച് വിവരമില്ല. തുടർന്ന് ട്രാവൽ ഏജൻസി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിലവിൽ മൂന്ന് പേരാണ് കട്ടപ്പന പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾ നൽകിയ പണം കൊല്ലം തൃക്കടവൂർ സ്വദേശി ആന്‍റണി ജോസഫ്, ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവർക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ ഇവരുടെ പങ്ക് എന്താണെന്നടക്കം പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്.