ജോലിക്കിടെ വനിത ഡോക്‌ടറെ കുത്തിക്കൊന്നു; ആക്രമിച്ചത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി - വനിത ഡോക്‌ടറെ കുത്തിക്കൊന്നു
🎬 Watch Now: Feature Video
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച വനിത ഡോക്‌ടർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. മരിച്ചത് കോട്ടയം സ്വദേശി ഡോ. വന്ദന ദാസ് (23). ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് യുവാവ് അക്രമം നടത്തിയത്. ഡോക്‌ടർക്ക് നെഞ്ചിലും കഴുത്തിലുമടക്കം അഞ്ചിലധികം തവണ കുത്തേറ്റിരുന്നു.
സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. സന്ദീപ് വീട്ടിൽ വച്ച് അതിക്രമം നടത്തിയതിനെത്തുടർന്ന് ബന്ധുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം.
ഇയാളുടെ കാലിൽ മുറിവുണ്ടായിരുന്നു. ഇത് ചികിത്സിക്കാനായാണ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയ പ്രതി അക്രമാസക്തനാവുകയും അവിടെയുണ്ടായിരുന്നു കത്രിക കൈക്കലാക്കി ഡോക്‌ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഡോക്‌ടറുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡോക്‌ടറും പൊലീസുദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റിരുന്നു.