മറയൂരിലെ ജനവാസ മേഖലയിലെത്തി പടയപ്പ; വീട്ടിൽ സൂക്ഷിച്ച തീറ്റപ്പുല്ല് അകത്താക്കി മടങ്ങി - മറയൂരിലെ ജനവാസ മേഖലയിലെത്തി പടയപ്പ
🎬 Watch Now: Feature Video
ഇടുക്കി: മറയൂരിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് പതിവായതോടെ ഭീതിയിലായി മലയോര നിവാസികൾ. കഴിഞ്ഞ ദിവസം രാത്രിയിൽ മറയൂരിലെ ജനവാസ മേഖലയില്‍ എത്തിയ കാട്ടാന പടയപ്പ ക്ഷീരകർഷകർ വാങ്ങി സംഭരിച്ചിരുന്ന തീറ്റപ്പുല്ല് അകത്താക്കിയ ശേഷമാണ് മടങ്ങിയത്. രണ്ടാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും മറയൂരിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത്. മറയൂരിന്‍റെ വനമേഖലയില്‍ കാട്ടുകൊമ്പന്‍ ചുറ്റിത്തിരിഞ്ഞിരുന്നതായാണ് വനം വകുപ്പ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ പടയപ്പ വാഗവരൈ എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷന്‍ ഭാഗത്തെത്തിയിരുന്നു. പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയാണിത്. പ്രദേശവാസികളിലൊരാള്‍ പശുക്കള്‍ക്ക് നല്‍കാനായി പണം നല്‍കി വാങ്ങി സൂക്ഷിച്ചിരുന്ന തീറ്റപ്പുല്ലാണ് പടയപ്പ അകത്താക്കിയത്. ശേഷം സമീപത്തെ ഇടവഴികളിലൂടെയൊക്കെ സഞ്ചരിച്ചതായാണ് വിവരം. പ്രദേശത്ത് ഏറെ സമയം തമ്പടിച്ച ശേഷമാണ് പടയപ്പ ഇവിടെ നിന്നും പിന്‍വാങ്ങിയത്. തീറ്റപ്പുല്ല് അകത്താക്കിയെങ്കിലും മറ്റ് നാശനഷ്‌ടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. പടയപ്പ നടന്നു പോയ വഴിയിലും മറ്റും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ വീടിന്‍റെ ജനൽ തകര്‍ത്ത് അരി ഭക്ഷിച്ചിരുന്നു. പിന്നീട് വനമേഖലയിലേക്ക് പിന്‍വാങ്ങിയ ശേഷം ഇതാദ്യമായാണ് പടയപ്പ വീണ്ടും ജനവാസകേന്ദ്രത്തില്‍ എത്തുന്നത്.