കൊല്ലത്ത് ജനവാസ മേഖലയില്‍ കണ്ട കാട്ടുപോത്ത് വനത്തിലേക്ക് കയറിയതായി സൂചന; പ്രദേശത്ത് കരടിയെ കണ്ടതായി അറിയിച്ച് നാട്ടുകാര്‍ - കരടി
🎬 Watch Now: Feature Video
കൊല്ലം: ആയൂരിൽ കണ്ട കാട്ടുപോത്ത് വനത്തിലേക്ക് കയറിയതായി സൂചന. കുടുക്കത്ത് പാറ - മീൻകുളം മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയതെന്നാണ് വിവരം. കാട്ടുപോത്തിന്‍റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
സംഭവം ഇങ്ങനെ: വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് കാട്ടുപോത്ത് ആയൂരിലെ ജനവാസമേഖലയിലെത്തിയത്. ഇതിന്‍റെ ഭാഗമായി രണ്ട് വിഭാഗങ്ങളിലായി തിരിഞ്ഞാണ് വനപാലകർ തെരച്ചിൽ നടത്തിയത്. പലയിടങ്ങളിലും കാട്ടുപോത്തിനെ കണ്ടിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കാട്ടുപോത്ത് അതിവേഗം ഓടി വള്ളിപടർപ്പിലേക്ക് മറയുന്നതിനാൽ മയക്ക് വെടിവയ്‌ക്കാനും കഴിഞ്ഞില്ല.
കാട്ടുപോത്തിനെ കൂടാതെ കരടിയും?: കഴിഞ്ഞ ദിവസം കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വൃദ്ധൻ മരണപ്പെട്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പോത്തിനൊപ്പം കരടിയും നാട്ടിലിറങ്ങിയതായാണ് നാട്ടുകാർ പറയുന്നത്. കണ്ണനല്ലൂർ ചേരിക്കോണം ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് കരടിയെ കണ്ടതായി നാട്ടുകാർ അറിയിക്കുന്നത്. തുടര്‍ന്ന് വനപാലകരെത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ശേഖരിച്ച ലക്ഷണങ്ങൾ വച്ച് അത് കരടിയല്ല, കാട്ടുപന്നിയാകാനാണ് സാധ്യതയെന്നാണ് വനപാലകരുടെ നിഗമനം.