ദേവികുളം താലൂക്കിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി വന്യജീവി ശല്യം - വനംവകുപ്പ്
🎬 Watch Now: Feature Video
Published : Dec 31, 2023, 7:40 PM IST
ഇടുക്കി: ദേവികുളം താലൂക്കിലെ തോട്ടം മേഖലയില്‍ വന്യജീവി ശല്യം രൂക്ഷം. കാട്ടാനകള്‍ക്ക് പുറമെ ദേവികുളത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്തെത്തിയത് ആളുകളില്‍ ആശങ്ക പരത്തി. വന്യജീവിയാക്രമണം തടയാന്‍ ഫലവത്തായ ഇടപെടല്‍ വേണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമില്ലെന്നാണ് ആളുകളുടെ പരാതി. മൂന്നാര്‍, ദേവികുളം മേഖലകളില്‍ ഈയിടെയായി കാട്ടുമൃഗശല്യം ക്രമാതീതമായി വര്‍ധിക്കുകയാണ്. കാട്ടാനകള്‍ക്ക് പുറമെ കാട്ടുപോത്തും ജനവാസ മേഖലയില്‍ എത്തുന്ന സ്ഥിതിയുണ്ട്. ആളുകളും വാഹനങ്ങളും കടന്ന് പോകുന്ന റോഡിലൂടെയായിരുന്നു കാട്ടുപോത്തിന്‍റെ യാത്ര. ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടുകൊമ്പന്‍ പടയപ്പ കാട്ടിലേക്കിനിയും പിന്‍വാങ്ങിയിട്ടില്ല. ഗ്രാംസ്ലാന്‍റ് മേഖലയിലൂടെയായിരുന്നു കഴിഞ്ഞ ദിവസത്തെ പടയപ്പയുടെ സഞ്ചാരം. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസം റേഷന്‍ കടയുടെ മേല്‍ക്കൂര തകര്‍ത്ത് പടയപ്പ അരി ഭക്ഷിച്ചിരുന്നു. വേറെയും കാട്ടാനകള്‍ എസ്‌റ്റേറ്റ് മേഖലകളില്‍ ചുറ്റിത്തിരിയുന്നുണ്ട്. നടയാര്‍ മേഖലയില്‍ ഇറങ്ങിയ ഒറ്റകൊമ്പനും തൊഴിലാളി കുടുംബങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. വന്യജീവി ശല്യം വര്‍ധിച്ചതോടെ പകല്‍ സമയങ്ങളില്‍ പോലും തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. വിഷയത്തില്‍ വനംവകുപ്പിന്‍റെ ഫലവത്തായ ഇടപെടല്‍ വേണമെന്നാണ് ആവശ്യം.