അപൂര്‍വങ്ങളില്‍ അപൂര്‍വമീ പ്രണയം ; തടവറയ്‌ക്കുള്ളില്‍ മൊട്ടിട്ട പ്രണയം സഫലം, ഹാസിമും സഹനാരയും ഒന്നിച്ചു
🎬 Watch Now: Feature Video
കൊല്‍ക്കത്ത : പ്രണയത്തിന് അതിര്‍വരമ്പുകളില്ല. അത് അനശ്വരമാണ്. നിരവധി അപൂര്‍വ പ്രണയ കഥകള്‍ സിനിമയിലൂടെയും നേവലുകളിലൂടെയുമെല്ലാം കണ്ടും കേട്ടും വായിച്ചും അറിഞ്ഞവരാണ് നമ്മള്‍. എന്നാല്‍ മിക്കവരും ഇന്ന് വരെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത അപൂര്‍വമായൊരു പ്രണയ കഥയുടെ വാര്‍ത്തയാണ് പശ്ചിമ ബംഗാളില്‍ നിന്ന് പുറത്ത് വരുന്നത്.
കറക്ഷണല്‍ ഹോമില്‍ കഴിയുന്ന രണ്ട് പേരുടെ പ്രണയ സാഫല്യത്തിന്‍റെ വാര്‍ത്തയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തടവില്‍ കഴിയുകയായിരുന്ന അബ്‌ദുല്‍ ഹാസിമും സഹനാര ഖാത്തൂണും കണ്ട സ്വപ്‌നമാണ് സഫലമായിരിക്കുന്നത്. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ ഇരുവരും ഒന്നിച്ചുണ്ടാകും.
അസമിലെ ദരംഗ് സ്വദേശിയായ അബ്‌ദുല്‍ ഹാസിമും ബിര്‍ഭൂമിയിലെ നാനൂര്‍ സ്വദേശിയായ സഹനാര ഖാത്തൂണുമാണ് പരോള്‍ ലഭിച്ചതിന് പിന്നാലെ വിവാഹിതരായത്. ബർദ്വാൻ സെൻട്രൽ കറക്ഷണൽ ഹോമിലെ തടവുകാരാണ് ഇരുവരും. മോണ്ടേശ്വറിലെ കുസുംഗ്രാമില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ഇരുവരും ജയിലിലെത്തിയത് ഇങ്ങനെ : കരാര്‍ ജോലിക്കാരനായിരുന്ന അബ്‌ദുള്‍ ഹാസിം ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ്. അതേസമയം കുടുംബ വഴക്കിനെ തുടര്‍ന്ന് ആറ് വര്‍ഷം മുമ്പ് തന്‍റെ മരുമകനെ കൊലപ്പെടുത്തിയ കേസിലാണ് സഹനാര ഖാത്തൂണ്‍ തടവിലാക്കപ്പെട്ടത്. കൊലക്കേസിലെ പ്രതിയായത് കൊണ്ട് തന്നെ സഹനാരയ്‌ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. തടവില്‍ കഴിയുന്ന നീണ്ട നാളുകള്‍ക്കിടയില്‍ ഇരുവരും പരിചയപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു.
വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് ഷംസുദ്ദീൻ ഷെയ്ഖ്: അബ്‌ദുല്‍ ഹാസിമും സഹനാര ഖാത്തൂണും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞ പശ്ചിമ ബംഗാൾ ഡെമോക്രാറ്റിക് റൈറ്റ്സ് പ്രൊട്ടക്ഷൻ അസോസിയേഷൻ അംഗം ഷംസുദ്ദീന്‍ ഷെയ്‌ഖാണ് ഇരുവരുടെയും വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. ഇരുവര്‍ക്കും വിവാഹിതരാകാനുള്ള അവസരമൊരുക്കണമെന്ന് ഷംസുദ്ദീന്‍ സംഘടനയോട് ആവശ്യപ്പെട്ടു. സംഘടനയുടെ പിന്തുണയോടെ ജയിൽ മന്ത്രി അഖിൽ ഗിരി, ജയിൽ സൂപ്രണ്ട് സുദീപ് ബസു എന്നിവർക്ക് രേഖാമൂലം അപേക്ഷ നൽകി.
അതിശയകരം എന്ന് പറയാം ഇരുവരുടെയും അഭ്യർഥന അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് ഇരുവര്‍ക്കും വിവാഹിതരാകാനായി അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. ഇതോടെയാണ് ആറ് വര്‍ഷമായി ഇരുവരും കണ്ട സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടത്.
വിവാഹത്തിന് പിന്നാലെ പ്രതികരണവുമായി ദമ്പതികള്‍: നീണ്ട ആറുവര്‍ഷമായി ഞാന്‍ തടവില്‍ കഴിയുകയാണ്. എന്‍റെ ശിക്ഷ എപ്പോള്‍ അവസാനിക്കുമെന്ന് യാതൊരു അറിവുമില്ല. തടവിനിടെ തങ്ങള്‍ക്ക് ലഭിച്ച ഈ ഇടവേളയില്‍ ഒന്നാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സഹനാര ഖാത്തൂണ്‍ പറഞ്ഞു.
കറക്ഷണല്‍ ഹോമില്‍ തടവില്‍ കഴിയുമ്പോള്‍ തങ്ങള്‍ക്ക് ഒന്നിക്കണമെന്ന ആഗ്രഹമായിരുന്നു മനസ് നിറയെ. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമായിരിക്കുന്നു. എന്നാല്‍ സാധാരണ ദമ്പതികളെ പോലെയുള്ള ജീവിതമായിരിക്കില്ല തങ്ങളുടേതെന്നും ഇനിയുള്ള ജീവിത പാതയില്‍ മറ്റൊരു തടസങ്ങളും ഉണ്ടാകരുതെന്നാണ് പ്രാര്‍ഥനയെന്നും ഹാസിം പറഞ്ഞു. വിവാഹത്തിന് ശേഷം ഹാസിമും സഹാനാരയും നാനൂറിലെ സഹനാരയുടെ കുടുംബ വീട്ടില്‍ താമസിക്കും. പരോള്‍ കഴിയുന്ന ജൂലൈ 16ന് ഇരുവരും തിരിച്ച് ജയിലിലേക്ക് മടങ്ങും.