തൊണ്ട പൊട്ടുമാറ് അലറി വിളിക്കേണ്ട ; ഇത് ആക്രിക്കച്ചവടത്തിലെ 'പുത്തന്‍ സ്റ്റൈല്‍' - വയനാ
🎬 Watch Now: Feature Video
കോഴിക്കോട് : നാട്ടിൽ എവിടെ നോക്കിയാലും കാണുന്ന കൂട്ടരാണ് ആക്രിക്കച്ചവടക്കാർ. പഴയ പാട്ട, പേപ്പർ, കുപ്പി, പ്ലാസ്റ്റിക്ക്, ഇരുമ്പ് സാധനങ്ങൾ എന്നിവ കൊടുക്കാനുണ്ടോയെന്ന് തൊണ്ട കീറി വിളിച്ച് നാടുമൊത്തം നടക്കുന്നവർ. എന്നാൽ കാലം മാറി, ആക്രി സ്റ്റൈലും മാറ്റി. തൊണ്ട കീറി വിളിക്കുന്നതൊക്കെ ഓൾഡ് ഫാഷനാണ്, നമുക്ക് ആവശ്യമുള്ളത് മൊബൈലിൽ റെക്കോർഡ് ചെയ്‌ത് അതും പ്ലേ ചെയ്‌ത് മെല്ലെ വണ്ടി വിട്ടാൽ ആവശ്യക്കാർ ഇങ്ങോട്ട് തേടിയെത്തിക്കോളും. സമയം മെച്ചം, തൊണ്ടയ്ക്കാശ്വാസം. വയനാട് സ്വദേശികളായ നരേന്ദ്രനും തങ്കരാജുവുമാണ് ന്യൂജെൻ ആക്രി പദ്ധതി നടപ്പിലാക്കിയത്. കുടുംബപരമായി ഇതാണ് ഇവരുടെ തൊഴിൽ. സഹോദരങ്ങൾ പരിപാടി തുടങ്ങിയിട്ട് വർഷം കുറേയായി. നാടുനീളെ നടത്തമായിരുന്നു ആദ്യം. പരിപാടി മെച്ചമായതോടെ ലാഭം കിട്ടി തുടങ്ങി. പിന്നാലെ വണ്ടിയും വാങ്ങി. ഒരുപാട് ഒച്ചവച്ച് തൊണ്ട പണിയായതോടെ ഐഡിയ മാറ്റി. 'പഴയ ആക്രി സാധനങ്ങൾ വിലയ്ക്ക് കൊടുക്കാനുണ്ടോ, പഴയ ഇരുമ്പ്, പാട്ട, പ്ലാസ്റ്റിക്ക്, കുപ്പികൾ, പൊട്ടിയ കസേര, പൊട്ടിയ സൈക്കിൾ, ബുക്ക്, പേപ്പർ, നോട്ട് ബുക്ക്, സ്റ്റീലുകൾ കൊടുക്കാനുണ്ടോ' എന്നുപറഞ്ഞ് റെക്കോർഡ് ചെയ്‌ത്, രാവിലെ ഓട്ടം തുടങ്ങിയാൽ ഉച്ചയാകുമ്പോഴേക്കും വണ്ടി നിറയും. പഴയ സാധനങ്ങൾ ഒഴിവായതിൻ്റെ ആശ്വാസം വീട്ടുകാർക്ക്. അന്നന്നത്തെ അന്നത്തിൻ്റെ വക കണ്ടെത്തിയതിൻ്റെ സന്തോഷം ആക്രിക്കാര്‍ക്കും. പരീക്ഷണങ്ങൾ ഇനിയുമുണ്ടാകുമെന്ന് പറഞ്ഞ് അവർ യാത്ര തുടരുകയാണ്.