'എഐ ക്യാമറയില്‍ പ്രതിപക്ഷ ആരോപണങ്ങളിലല്ല ഇപ്പോള്‍ നടക്കുന്ന അന്വേഷണം, നടക്കുന്നത് പരസ്യമായ കൊള്ള'; വിമര്‍ശനവുമായി വിഡി സതീശന്‍

By

Published : Apr 26, 2023, 7:31 PM IST

thumbnail

കൊല്ലം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലല്ല ഇപ്പോൾ നടക്കുന്ന അന്വേഷണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ കഴിഞ്ഞ മാസം എന്തിനാണ് പദ്ധതിക്ക് അനുമതി കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. വിജിലൻസ് അന്വേഷണം നടക്കുന്നുവെങ്കിൽ എന്തിനായിരുന്നു എഐ ക്യാമറയുടെ പേരിൽ ഇത്ര ആഘോഷം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

ഇതിൽ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. ഈ കമ്പനി എങ്ങനെയാണ് സാങ്കേതികമായി ക്വാളിഫൈഡായത്. എഐ ക്യാമറകൾക്ക്
മൂന്ന് കൊല്ലം ഗ്യാരന്‍റിയും, മെയിന്‍റനൻസും നടത്താൻ ബാധ്യതയുള്ളപ്പോൾ വീണ്ടും 66 കോടി രൂപ ഇവർക്ക് നൽകുന്നുവെന്നും ഇത് പരസ്യമായ കൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കറക്കുകമ്പനികളെ കൂട്ടുപിടിച്ചുള്ള കൊള്ളയാണിതെന്നും വി.ഡി.സതീശൻ കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറകൾ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് നിയമ ലംഘനങ്ങളിൽ കുറവ് വന്നെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പ്രതികരിച്ചിരുന്നു. ആളുകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ വിമർശനം ഉയരുന്നത് ശരിയാണോയെന്നും മന്ത്രി ചോദിച്ചിരുന്നു. സ്കോൾ കേരള ആസ്ഥാന മന്ദിരത്തിൻ്റെയും ജില്ല വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ കാര്യാലയത്തിൻ്റെയും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമലംഘനങ്ങളിൽ ഒരു ലക്ഷത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എഐ ക്യാമറകൾ സ്ഥാപിച്ചത് സർക്കാരിന് പണം ഉണ്ടാക്കാനല്ലെന്നും ആന്‍റണി രാജു വ്യക്തമാക്കിയിരുന്നു. ഇരുചക്രവാഹനങ്ങളുടെ പരിശോധനയെ ചിലർ ആവശ്യമില്ലാതെ എതിർക്കുകയാണെന്നും എന്നാൽ കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.