'മടിയിൽ കനമില്ലെന്ന് ബോർഡ് വച്ചിട്ട് കാര്യമില്ല, ആരോപണങ്ങൾക്ക് മറുപടി നല്‍കണം'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വിഡി സതീശന്‍ - എഐ ക്യാമറ
🎬 Watch Now: Feature Video
കോഴിക്കോട്: പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മടിയിൽ കനമില്ലെന്ന് തിരുവനന്തപുരത്ത് ബോർഡ് വച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഐ ക്യാമറ കരാറിൽ അടിമുടി അഴിമതിയാണെന്നും രേഖാമൂലമാണ് വെല്ലുവിളിയെന്നും വി.ഡി സതീശന്‍ അറിയിച്ചു.
ഊരാളുങ്കൽ നടത്തുന്ന പ്രമുഖ പദ്ധതികളുടെയെല്ലാം ഉപകരാറുകളും, പർച്ചേസ് ഓർഡറുകളും ഒരേ കമ്പനിക്ക് ലഭിക്കുന്നത് ദുരൂഹമാണ്. എല്ലാ കരാറുകളുടെ പൈസയും കമ്മിഷനും അവസാനം ഒരേ പെട്ടിയിലേക്ക്. ഇതിന്‍റെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തുവിടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഊരാളുങ്കൽ കമ്പനിയും, എസ്ആർഐടിയും, കെ ഫോൺ ഉപകരാർ നേടിയ അശോക് ബിഡ്കോൺ അവർക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പർച്ചേസ് ഓർഡറുകളും, ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായ "പ്രസാഡിയോ" കമ്പനിക്കാണ് നൽകുന്നത് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാർട്ടിയും ഭരണ നേതൃത്വവുമായും അടുത്തുനിൽക്കുന്ന പ്രസാഡിയോ കമ്പനിക്ക് ഖജനാവിലെ പണം ഇങ്ങനെ വാരിക്കോരി കൊടുക്കാൻ കാരണം എന്താണ്?. ഈ സ്ഥാപനം ആരുടേതാണ്?. ഇത് ബിനാമി കമ്പനിയാണോ?. ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി എന്താണ് ബന്ധം എന്നീ കാര്യങ്ങൾ പുറത്തുവരേണ്ടതാണെന്നും അപ്പോൾ ആരാണ് എഐ ക്യാമറ ഇടപാടിലെ "കിങ് പിൻ" എന്ന് ബോധ്യപ്പെടുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി അദാനി നടത്തുന്ന അതേ കാര്യങ്ങളാണ് സംസ്ഥാന സർക്കാരിന് വേണ്ടി കറക്ക് കമ്പനികൾ നടത്തുന്നത്. ഈ കറക്കു കമ്പനികളിൽ നിന്നും മാസപ്പടി ആർക്കൊക്കെയാണ് ലഭിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും ഇവരുടെ അക്കൗണ്ട് പരിശോധിച്ചാൽ എല്ലാം മനസിലാകുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.