ദാരിദ്ര്യം മറയ്ക്കാനായി പുരപ്പുറത്തു ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം, ഗവര്‍ണര്‍-സര്‍ക്കാർ പോര് നാടകം; വിഡി സതീശന്‍ - ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാര
🎬 Watch Now: Feature Video
Published : Nov 3, 2023, 8:29 AM IST
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകമാണ് കേരളീയം എന്നും ഗവർണർ-സർക്കാർ പോര് മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള നാടകമാണെന്നും വിഡി സതീശന്‍ പറഞ്ഞു. പത്തനംതിട്ടയിൽ കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തവെയാണ് കേരളീയം പരിപാടിയെ അദ്ദേഹം വിമർശിച്ചത്. സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നാണ് സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. അതുകൊണ്ട് സര്‍ക്കാരിന് ഗ്യാരണ്ടി പോലും നല്‍കാന്‍ കഴിയുന്നില്ല. ഹൈക്കോടതി പോലും രൂക്ഷമായി വിമര്‍ശിച്ചു. ദാരിദ്ര്യമാണ്, അഞ്ചു പൈസയില്ല പക്ഷെ ദാരിദ്ര്യം മറയ്ക്കാന്‍ വേണ്ടി പുരപ്പുരത്ത് പട്ടുകോണകം ഉണക്കാനിട്ടതുപോലെയാണ് കേരളീയം നടത്തുന്നത് വിഡി സതീശന്‍ പറഞ്ഞു. എന്താണ് കേരളീയത്തിന്‍റെ ഉദ്ദേശം. കേരളത്തിന് പുറത്തുള്ള പ്രധാനപ്പെട്ട ആളുകള്‍ തിരുവനന്തപുരത്ത് വന്ന് പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപാേയി പുകഴ്ത്തി പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പരിപാടിക്ക് 75 കോടിയോളം വരും. കുഞ്ഞുങ്ങള്‍ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാണിക്കുന്നത്. കേരളം ഇതുവരെ കാണാത്ത ഏറ്റവും ഭയാനകമായ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ഗവർണർ-സർക്കാർ പോര് മാധ്യമങ്ങളെയും ജനങ്ങളെയും കബളിപ്പിക്കാനുള്ള നാടകമാണെന്ന് വിഡി സതീശൻ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും അതിന്‍റെ ഇടനിലക്കാർ ബിജെപി നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.