'മുഖ്യമന്ത്രി ക്രിമിനൽ തന്നെ.. കേരളത്തില്‍ രാജഭരണമല്ല, കലാപാഹ്വാനം നടത്തിയതിന് രാജിവയ്‌ക്കണം'; വിഡി സതീശൻ - നവകേരള സദസ്
🎬 Watch Now: Feature Video
Published : Nov 22, 2023, 9:26 PM IST
എറണാകുളം: കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം നിയമ വിദഗ്‌ദരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിക്കെതിരായ രൂക്ഷ വിമർശനം ഇന്നും വിഡി സതീശൻ തുടർന്നു. മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്നാണ് ഇന്നലെ പറഞ്ഞത്, എന്നാൽ മുഖ്യമന്ത്രി ക്രിമിനൽ തന്നെയാണെന്ന് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മനസ് നികൃഷ്‌ടമാണ്. അധികാരത്തിന്‍റെ ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി രാജി വയ്‌ക്കാൻ തയ്യാറല്ലെങ്കിൽ പൊതുമാപ്പ് പറയാനെങ്കിലും തയ്യാറാകണം. നാട്ടുകാരുടെ ചെലവിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന പരിപാടിയാണ് നവകേരള സദസ് (Nava Kerala Sadas). അഴിമതി നടത്തിയ പണം കൊണ്ട് പരിപാടി നടത്തട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നവകേരള സദസ് പാർട്ടി പരിപാടിയാണെന്ന തങ്ങളുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് എൽഡിഎഫ് സർക്കുലർ. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള മുന്നേറ്റ പരിപാടിയെന്നാണ് സർക്കുലറിലുള്ളതെന്നും വിഡി സതീശൻ ചൂണ്ടിക്കാണിച്ചു. നവകേരള സദസിൽ മന്ത്രിമാർക്ക് യാതൊരു റോളുമില്ല. അവർ മുഖ്യമന്ത്രിയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഇതൊരു ടൂർ പരിപാടിയാണെന്ന് പറഞ്ഞാൽ മതിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ നവകേരള സദസ്സിന് പണം നൽകില്ല. പറവൂർ നഗരസഭയുടെ പണം നൽകാനുള്ള തീരുമാനത്തെക്കുറിച്ച് അറിയില്ല. തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും യുഡിഎഫ് ഭരണ സമിതി പണം നൽകിയാൽ അവർ പിന്നെ ആ സ്ഥാനത്തുണ്ടാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. ഗ്രൂപ്പ് യോഗം ചേരരുതെന്ന് എഐസിസി നിർദേശമുണ്ട്. ഇതിന് വിരുദ്ധമായി യോഗം ചേർന്നിട്ടുണ്ടെങ്കിൽ അത് എഐസിസി പരിശോധിക്കും. യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് കേസിൽ പൊലീസ് അന്വേഷണം നടക്കട്ടെ. പാർട്ടി നേതൃത്വത്തിന് ഇതേക്കുറിച്ച് അറിവില്ല. കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.