വൈക്കത്തഷ്‌ടമി ചടങ്ങിൽ ഭക്ത സഹസ്രങ്ങൾ; ഗജവീരന്മാര്‍ അണിനിരന്ന വിടവാങ്ങല്‍ ചടങ്ങ്
🎬 Watch Now: Feature Video
കോട്ടയം: വൈക്കത്തഷ്‌ടമിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളിൽ ഭക്ത സഹസ്രങ്ങൾ പങ്കെടുത്തു (Vaikathashtami Festival). ബുധനാഴ്ച്ച വെളുപ്പിനെ നടന്ന വിടവാങ്ങൽ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേരെത്തിയിരുന്നു. വൈക്കത്തപ്പനോട് മകനായ ഉദയനാപുരത്തപ്പൻ വിട വാങ്ങി പോകുന്നതാണ് ഈ ചടങ്ങ്. വടക്കെ നടയിൽ ഉദയനാപുരത്തപ്പൻ ദേവകളോടൊത്ത് എഴുന്നള്ളി വന്ന ശേഷം ക്ഷേത്രമതിൽക്കകത്ത് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ വൈക്കത്തപ്പന്‍റെ തിടമ്പേറ്റി. തിരുനക്കര ശിവൻ, വേമ്പനാട് അർജുനനൻ എന്നി ഗജവീരൻമാർ അകമ്പടിയായി. അസുര നിഗ്രഹത്തിനു ശേഷം ദേവകളോടൊപ്പം വരുന്ന സുബ്രഹ്മണ്യനെ അച്ഛനായമഹാദേവൻ വരവേൽക്കുന്നു എന്നാണ് സങ്കല്‍പം. വൈക്കത്തപ്പനോട് യാത്ര ചോദിച്ചതോടെ വിട പറയൽ ചടങ്ങും പൂർത്തിയാക്കി ഉദയനാപുരത്തപ്പൻ ഗോപുരം ഇറങ്ങി. വൈക്കം ഹരിഹരയ്യരും വൈക്കം സുമോദും വിഷാദ രാഗം നാഗസ്വരത്തിൽ വായിച്ച് യാത്രയപ്പിനു അകമ്പടി നൽകി. അഷ്‌ടമി ദിനത്തിലെ പൂജകൾ പൂർത്തിയായതോടെ പള്ളിവേട്ടയും നടന്നു. കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. അഷ്ടമി ഉത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്നും ഭക്തരെത്തുക പതിവാണ്. പളളിവേട്ടയും ആറാട്ടുമാണ് പ്രധാന ആചാരങ്ങള്‍. ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.