തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചു; 3 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് - തൂത്തുക്കുടി അപകടം
🎬 Watch Now: Feature Video
Published : Dec 31, 2023, 2:29 PM IST
തൂത്തുക്കുടി (തമിഴ്‌നാട്) : ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിനോദസഞ്ചാര സംഘം സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു (UP Tourists Van Accident At Thoothukudi). തൂത്തുക്കുടി തിരുനല്‍വേലി ഹൈവേയില്‍ വെള്ളനാട് സബ്‌സ്റ്റേഷന്‍ സമീപത്ത് ഇന്ന് (ഡിസംബര്‍ 31) പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 16 പേര്‍ നിലവില്‍ ചികിത്സയിലാണ്. 30 പേരടങ്ങിയ സംഘം സഞ്ചരിച്ച വാനാണ് ടിപ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ചത്. രാമേശ്വരത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംഘം കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. വാനുമായി കൂട്ടിയിടിച്ച ലോറി റോങ് സൈഡിലാണ് സഞ്ചരിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഉത്തര്‍പ്രദേശിലെ ചരണ്‍പുര്‍ ജില്ലയില്‍ നിന്നുള്ള സുമന്‍, പാര്‍വതി എന്നിവര്‍ സംഭവസ്ഥലത്ത് വച്ചും ഒരു വയസുള്ള ശ്രീ എന്ന കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. പരിക്കുകളോടെ നെല്ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച കുട്ടിയ്‌ക്ക് ചികിത്സ ലഭിക്കാന്‍ വൈകിയെന്നും ആരോപണമുയരുന്നുണ്ട്. സംഭവത്തില്‍ തൂത്തുക്കുടിയിലെ മുറപ്പനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.