നടക്കാനിറങ്ങിയ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു, അക്രമി സംഘം ഒളിവില്‍; സിസിടിവി ദൃശ്യം - മൊറാദാബാദ് ബിജെപി
🎬 Watch Now: Feature Video
മൊറാദാബാദ്: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തി. മൊറാദാബാദ് ബിജെപി കര്‍ഷക സംഘടനാ നേതാവ് അനൂജ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഓഗസ്റ്റ് 10) വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കൊലപാതക ശേഷം സംഭവസ്ഥലത്ത് നിന്നും കടന്ന് കളഞ്ഞ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. അതേസമയം, അനുജ് ചൗധരിക്കെതിരായ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരുചക്രവാഹനത്തിലെത്തിയ മൂന്നംഗ സംഘം ചൗധരിയ്‌ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭാൽ നെക്‌പൂർ സ്വദേശിയായ അനൂജ് ചൗധരി അടുത്തിടെയാണ് പക്ബഡ മേഖലയിലെ പ്രതിഭ അപ്പാര്‍ട്ട്മെന്‍റിലേക്ക് താമസം മാറിയത്. കഴിഞ്ഞ ദിവസം പാര്‍ക്കിലേക്ക് നടക്കാനിറങ്ങിയപ്പോഴാണ് അനുജ് ചൗധരിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ അനൂജ് ചൗധരി കൃത്യം നടന്ന സ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് വെടിയുണ്ടകള്‍ ഉള്‍പ്പടെ കണ്ടെത്തി. അതേസമയം, നിലവില്‍, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവത്തില്‍ പുരോഗമിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.