'സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി വന്ദേഭാരതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതി' : വി മുരളീധരന്‍

🎬 Watch Now: Feature Video

thumbnail

By

Published : Apr 14, 2023, 1:20 PM IST

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിന്‍റെ വികസനത്തിന് വേഗതക്കൂട്ടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ തവണയും കേരളം സന്ദർശിക്കുമ്പോൾ വലിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണത്തെ വലിയ പദ്ധതിയാണ് വന്ദേഭാരത് എക്‌സ്‌പ്രസെന്നും അതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും വി മുരളീധരൻ പറഞ്ഞു.

കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് രണ്ടാഴ്‌ച മുമ്പാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഇത് അടിസ്ഥാനരഹിതമായ ചില പ്രചരണങ്ങൾ കാരണമാണ്. വന്ദേ മെട്രോ ട്രെയിന്‍ കേരളത്തിന് ഇല്ല എന്ന് കേന്ദ്ര സർക്കാർ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇത് വന്ദേഭാരത് എന്ന് തെറ്റിധരിച്ചാണ് പ്രചരണങ്ങൾ നടന്നതെന്നും ഇത് വിശ്വസിച്ചാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും വി മുരളീധരന്‍ ആരോപിച്ചു.

'സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രിയാണ് വന്ദേഭാരതിനായി കത്തെഴുതിയത്. പതിനായിര കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് കെ റെയിൽ നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരും ആരെയും കുടിയിറക്കാതെ വികസനം എത്തിക്കുന്ന കേന്ദ്രസർക്കാരും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ തിരിച്ചറിയണം. അപ്രായോഗികമായ നിർദേശമാണ് കെ റെയില്‍' -വി മുരളീധരന്‍ പറഞ്ഞു.   

അതിനാല്‍ കെ റെയില്‍ സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം. വന്ദേഭാരത് എക്‌സ്‌പ്രസ് പ്രഖ്യാപനം രാഷ്‌ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്ന വിമർശനം മന്ത്രി തള്ളി. ഇന്ത്യ മുഴുവൻ രാഷ്‌ട്രീയ പ്രഖ്യാപനം നടത്തി നേട്ടത്തിന് ശ്രമിച്ചിരുന്നത് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്താണ്.  

ഇപ്പോൾ പദ്ധതികൾ യാഥാർഥ്യമാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യമാണെങ്കിൽ കേരള സർക്കാറും ഇതുതന്നെയാണ് ചെയ്യുന്നത്. വന്ദേഭാരത് എക്‌സ്‌പ്രസ് സംബന്ധിച്ച് സംസ്ഥാനം അറിഞ്ഞില്ലെന്ന റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാന്‍റെ പ്രസ്‌താവന ശരിയല്ല.

മുഖ്യമന്ത്രിയുമായി മന്ത്രി അബ്‌ദുറഹ്‌മാൻ സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമേ ഉള്ളൂവെന്നും മുരളീധരൻ പറഞ്ഞു. ട്രെയിനിന്‍റെ വേഗത സംബന്ധിച്ച് വിവാദങ്ങൾക്ക് കേന്ദ്ര സഹമന്ത്രി മറുപടി നൽകിയില്ല. ഇക്കാര്യങ്ങളെല്ലാം റെയിൽവേ വ്യക്തമാക്കും എന്നായിരുന്നു മുരളീധരന്‍റെ മറുപടി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.