chandrayaan 3| ബിഗ് സല്യൂട്ട് ഐഎസ്‌ആർഒ, ദൗത്യം വിജയം, അഭിമാനമെന്ന് കേന്ദ്രമന്ത്രി, സോഫ്‌റ്റ് ലാൻഡിങ് ഓഗസ്‌റ്റ് 23 - 5.47 PM
🎬 Watch Now: Feature Video
ശ്രീഹരിക്കോട്ട : ചന്ദ്രയാൻ 3 വിക്ഷേപണ വിജയം രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ആറു പതിറ്റാണ്ട് മുമ്പ് വിക്രം സാരാഭായി കണ്ട സ്വപ്‌നമാണ് ഈ ദിവസം എന്ന് പരാമർശിച്ച അദ്ദേഹം, വിക്ഷേപണം വിജയകരമാക്കിയതിന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെയും സംഘത്തെയും അഭിനന്ദിച്ചു. അതേസമയം ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഓഗസ്‌റ്റ് 23, ഇന്ത്യൻ സമയം 5.47 PM ന് സോഫ്‌റ്റ് ലാൻഡിങ് ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
നിലവിൽ ചന്ദ്രയാൻ പേടകം വിജയകരമായാണ് ചന്ദ്രനിലേയ്‌ക്ക് യാത്ര തുടരുന്നതെന്ന സന്തോഷം അറിയിച്ച അദ്ദേഹം ഇന്ത്യയുടെ അഭിമാനവും പേറി കുതിച്ചുയർന്ന പേടകത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്‌ക്ക് ആശംസകളും നേർന്നു. ഐഎസ്ആർഒയുടെ ഏറ്റവും വിശ്വസനീയമായ ഹെവി ലിഫ്‌റ്റ് വാഹനമാണ് എൽവിഎം3 റോക്കറ്റെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്നും ഈ ദൗത്യം ഐഎസ്ആർഒയിലെ പലരുടെയും തപസ്സായിരുന്നു എന്നും മിഷൻ ഡയറക്‌ടർ എസ് മോഹന കുമാർ പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 2.35 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഇന്ത്യയുടെ ഏറ്റവും ശക്തനായ എൽവിഎം 3 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്.
42 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയിൽ 3,84,400 കിലോമീറ്ററാണ് പേടകം സഞ്ചരിക്കുന്നത്. ദാത്യത്തിന്‍റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായ സോഫ്‌റ്റ് ലാൻഡിങ്, ചന്ദ്രയാൻ 2ന്‍റെ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ചന്ദ്രയാൻ വിജയം കണ്ടാൽ അമേരിക്ക, ചൈന, മുൻ സോവിയറ്റ് യൂണിയൻ എന്നിവയ്‌ക്ക് ശേഷം ഈ വെല്ലുവിളി നിറവേറ്റുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.