Thrissur Bar Attack | 140 രൂപയുടെ മദ്യം 100 രൂപയ്‌ക്ക് ചോദിച്ചിട്ട് നല്‍കിയില്ല, ബാര്‍ അടിച്ച് തകര്‍ത്ത് യുവാക്കള്‍ : അറസ്റ്റ് - ബാര്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/03-08-2023/640-480-19168370-thumbnail-16x9-kaeer.jpg)
തൃശൂര്‍ : മദ്യം വില കുറച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ബാര്‍ അടിച്ച് തകര്‍ത്ത് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറാണ് ഇരുവരും അടിച്ച തകര്‍ത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (ജൂലൈ 31) രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. അറസ്റ്റിലായ അഭിഷേകും ശ്രീഹരിയും അടക്കം നാല് പേര്‍ മദ്യ വാങ്ങാനായി ബാറിലെത്തി. 140 രൂപ വിലയുള്ള മദ്യം 100 രൂപയ്‌ക്ക് നല്‍കാന്‍ സംഘം ബാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വില കുറച്ച് നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചു. ഇതോടെ സംഘം ബാര്‍ ജീവനക്കാരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും തുടര്‍ന്ന് ബാറില്‍ നിന്നിറങ്ങി പോകുകയും ചെയ്‌തു. അല്‍പ സമയത്തിന് ശേഷം ഇരുമ്പ് വടികളുമായി തിരിച്ചെത്തിയ സംഘം ബാര്‍ അടിച്ച് തകര്‍ത്തു. ആക്രമണം തടയാന്‍ ശ്രമിച്ച് ബാര്‍ മാനേജരെയും മറ്റ് രണ്ട് ജീവനക്കാരെയും യുവാക്കള്‍ മര്‍ദിച്ചു. ബാര്‍ കൗണ്ടര്‍ അടിച്ച് തകര്‍ക്കുന്നതിനിടെയാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായിട്ടുണ്ടെന്ന് ബാര്‍ ഉടമ അറിയിച്ചു. സംഭവത്തില്‍ ഉടമ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ചാട്ടുകുളത്ത് നിന്ന് ഇന്നലെ (ഓഗസ്റ്റ് 2) ഉച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.