പാലക്കാട് രണ്ടിടങ്ങളില്‍ വീടിന്‍റെ ചുമര്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ടു പേര്‍ മരിച്ചു, മരിച്ചത് കല്ലടിക്കോട്, അട്ടപ്പാടി സ്വദേശികള്‍ - കല്ലടിക്കോട്
🎬 Watch Now: Feature Video
പാലക്കാട്: വീടിന്‍റെ ചുമർ തകർന്ന് വീണ് രണ്ട് മരണം. കല്ലടിക്കോട് മണ്ണാത്തിപ്പാറയിലും അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴിയിലുമാണ് രണ്ട് പേർ മരിച്ചത്. കല്ലടിക്കോട് വഴുതനകുന്നേൽ അബ്രഹാമിന്‍റെ ഭാര്യ ഷിജി (48)യാണ് ഇന്നലെ മരിച്ചത്.
ബുധനാഴ്‌ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. സഹോദരന്‍റെ വീട് പൊളിച്ചു മാറ്റുന്നതിനിടെയിൽ ചുമർ വീണാണ് ഷിജിക്ക് പരിക്കേറ്റത്. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഷിജിയും മറ്റൊരു സഹായിയും ചേർന്ന് വീടിന്‍റെ ചുമർ പൊളിച്ച് നീക്കുകയായിരുന്നു.
ഒരുവശത്തെ ചുമർ പൊളിച്ച് നീക്കി മറുവശത്തെ ചുമരിലെ കല്ലുകൾ ഇളക്കി മാറ്റുന്നതിനിടെ ഷിജിയുടെ തലക്ക് മുകളിലേക്ക് ചുമർ പൂർണമായും തകർന്ന് വീഴുകയായിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി പെയ്‌ത മഴയിൽ ചുമർ കുതിർന്ന് നിന്നതാണ് അപകടത്തിന് കാരണമായത്.
അട്ടപ്പാടിയിൽ ശനിയാഴ്‌ച രാത്രി ഒൻപത് മണിയോടെ പെയ്‌ത മഴയിൽ ചുമരിലെ ഹോളോ ബ്രിക്‌സ് അടർന്ന് വീണാണ് ഊത്തുക്കുഴിയിലെ ആദിവാസി യുവാവ് രങ്കനാഥന് തലക്ക് ഗുരുതമായി പരിക്കേറ്റത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മറ്റുകയായിരുന്നു. ചികിത്സയിൽ കഴിയവെ തിങ്കളാഴ്‌ച രാത്രി 10 മണിയോടെ രങ്കനാഥൻ മരിച്ചു.
വീട്ടിൽ കിടന്നുറങ്ങവെ അപകടം: ശനിയാഴ്‌ച ഷോളയൂർ ഊത്തുക്കുഴിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. മേൽക്കൂര ശോചനീയാവസ്ഥയിലുള്ള വീട്ടിലാണ് രങ്കനാഥനും അച്ഛൻ കുമാരനും സുഹൃത്തും കിടന്നുറങ്ങിയത്. രങ്കനാഥൻ കട്ടിലിൽ ചുമരിന്‍റെ വശത്തേക്ക് തലവച്ചാണ് കിടന്നിരുന്നത്.
മഴയിൽ കുതിർന്ന ചുമരിൽ നിന്ന് ഹോളോ ബ്രിക്‌സ് രങ്കനാഥന്‍റെ തലയിലേക്ക് വീഴുകയായിരുന്നു. മഴ കനത്തതോടെ ശോചനീയാവസ്ഥയിലുള്ള ഈ വീട്ടിൽ നിന്നും മാറ്റി താമസിപ്പിക്കുന്നതിന് പോലും ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐടിഡിപി തയ്യറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.