ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവം: 'തികച്ചും അപ്രതീക്ഷിതം, കൂട് തുറന്നത് മാനദണ്ഡങ്ങളെല്ലാം പാലിച്ച്': മൃഗശാല ഡയറക്‌ടര്‍
🎬 Watch Now: Feature Video
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവത്തില്‍ വിശദീകരണവുമായി മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്‌ടര്‍ എസ്.അബു. കുരങ്ങിനെ തുറന്ന കൂടുകളിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയത് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നുവെന്നും കൂട് തുറക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കുരങ്ങ് ചാടിപ്പോയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിന് മുൻപും ഇതേ ഇനത്തില്‍പ്പെട്ട കുരങ്ങുകൾ മൃഗശാലയിൽ ഉണ്ടായിരുന്നു. അന്നൊന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇത് അസാധാരണ സംഭവമാണ്.
വളരെ ആസൂത്രണത്തോടെയാണ് കുരങ്ങിന്‍റെ കൂട് തുറന്ന് പരീക്ഷണം നടത്തിയത്. അതുകൊണ്ടാണ് ഇതിന്‍റെ ഇണയെ തുറന്ന് വിടാതെ പെൺ കുരങ്ങിനെ മാത്രം തുറന്നു വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹനുമാൻ കുരങ്ങുകൾ അപകടകാരികൾ അല്ല. വളരെ സെൻസിറ്റീവായ മൃഗമാണ്. മൃഗശാലയിലെ മരത്തിന് മുകളില്‍ കുരങ്ങിനെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അതിനായി കുരങ്ങിനെ കണ്ടെത്തിയ മരത്തിന് താഴെ ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കുരങ്ങിന്‍റെ ഓരോ ചലനവും നിരീക്ഷിക്കാൻ ജീവനക്കാരെയും മരത്തിന് സമീപം വിന്യസിച്ചിട്ടുണ്ട്. കൂടുമായി ഇണങ്ങിയതുകൊണ്ടും ഇണ ഇവിടെ തന്നെ ഉള്ളത് കൊണ്ടുമാണ് കുരങ്ങ് തിരിച്ചെത്തിയത്. കുരങ്ങിനെ പ്രകോപിപ്പിക്കാതിരിക്കാനാണ് നിലവിലെ ശ്രമം.
മൃഗശാലയ്‌ക്ക് പുറത്ത് സുരക്ഷിതമല്ലാത്തത് കൊണ്ടാണ് കുരങ്ങ് സ്വയം തിരിച്ചെത്തിയത്. കാട്ടുപോത്തിന്‍റെ കൂടിന് സമീപമുള്ള മരത്തില്‍ നിലയുറപ്പിച്ച കുരങ്ങിപ്പോള്‍ നിരീക്ഷണത്തിലാണ്. കുരങ്ങിനെ കൂടുതല്‍ പ്രകോപിപ്പിക്കാതെ കൂട്ടിലടക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
അതേസമയം നാളെ രാവിലെ 11 മണിക്ക് പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി മൃഗങ്ങൾക്ക് പേരിടും. ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത് പങ്കെടുക്കും.
ചൊവ്വാഴ്‌ചയാണ് (ജൂണ്‍ 13) മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്. ഒരാഴ്‌ച മുമ്പ് തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച കുരങ്ങാണ് തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെട്ടത്. കുരങ്ങിനെ കണ്ടെത്തുന്നതിനായി മൃഗശാല അധികൃതര്‍ ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് കുരങ്ങിനെ മൃഗശാലയിലെ മരത്തിന് മുകളില്‍ കണ്ടെത്തിയത്.
ഹനുമാന്‍ കുരങ്ങിനെ കൂടാതെ വെള്ള മയിൽ, രണ്ടു ജോഡി കാട്ടുകോഴി എന്നിവയെയും ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഉടൻ കൊണ്ടുവരും. ഇതിന് പകരമായി ആറ് പന്നി, മാനുകൾ, മൂന്ന് കഴുതപ്പുലികൾ എന്നീ മൃഗങ്ങളെ തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിന് പകരമായി നൽകിയിരുന്നു.