ചേനപ്പാടിക്ക് പിന്നാലെ കറുകച്ചാൽ മേഖലയിലും ഭൂമിക്കടിയില്‍ നിന്ന് കുലുക്കമെന്ന് നാട്ടുകാർ - ഭൂമികുലുക്കം
🎬 Watch Now: Feature Video
കോട്ടയം: നെടുംകുന്നം, കറുകച്ചാൽ മേഖലകളില്‍ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച (13.06.23) രാത്രി 9.55-ഓടെ യായിരുന്നു ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടു നിന്ന മുഴക്കം ഉണ്ടായത്. കൂടാതെ നിലത്തു നിന്നും തരിപ്പ് അനുഭവപ്പെട്ടതായും ആളുകൾ പറയുന്നു. ജനാലകളും വീട്ടുപകരണങ്ങളുമടക്കം കുലുങ്ങിയതോടെയാണ് പലരും വിവരമറിഞ്ഞത്. കോട്ടയം ജില്ലയിലെ കറുകച്ചാൽ, നെടുംകുന്നം, മാന്തുരുത്തി, പുതുപ്പള്ളിപ്പടവ്, മുഴുവൻ കുഴി, നിലംപൊടിഞ്ഞ ഭാഗങ്ങളിലാണ് ഉഗ്ര ശബ്ദത്തോടെ മുഴക്കവും കുലുക്കവും ഉണ്ടായത്. ഭൂമികുലുക്കമെന്ന് കരുതി ആളുകൾ വീടിന് പുറത്തേക്ക് ഇറങ്ങി നിന്നു.
2023 മെയ് 30ന് കോട്ടയം ജില്ലയിലെ എരുമേലിക്ക് സമീപം ചേനപ്പാടിയില്‍ സമാനമായ രീതിയില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്ര ശബ്‌ദം കേട്ടിരുന്നു. അതിന് ശേഷം ജൂൺ രണ്ടിനും ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്‌ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പ് പരിശോധന നടത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. കോട്ടയം ജില്ലയിലെ വിവിധ മേഖലകളില്‍ അടിക്കടി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതില്‍ നാട്ടുകാർ ആശങ്കയിലാണ്.