പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസുകാരനെ ഇടിച്ച് ബോണറ്റിലാക്കി കാറോടിച്ചത് 20 കിലോമീറ്റര്‍ ; 22 കാരന്‍ അറസ്റ്റില്‍, നടുക്കുന്ന വീഡിയോ - ബോണറ്റിൽ ട്രാഫിക് പൊലീസുകാരനുമായി കാർ ഓടി
🎬 Watch Now: Feature Video
മുംബൈ : ട്രാഫിക് പൊലീസുകാരനെ ബോണറ്റില്‍ വച്ച് നിര്‍ത്താതെ കാര്‍ യാത്രികന്‍ സഞ്ചരിച്ചത് 20 കിലോമീറ്റര്‍. നവി മുംബൈ നഗരത്തിലെ വാഷി മേഖലയിൽ ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഇതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സിദ്ധേശ്വർ മാലി (37) എന്ന പൊലീസുകാരനെയാണ് ഇത്തരത്തില്‍ വലിച്ചിഴച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ ആദിത്യ ബെംബ്‌ഡെ (22)യെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ലഹരിയിലായിരുന്നു കാര്‍ ഡ്രൈവര്‍. പരിശോധിക്കാൻ ശ്രമിച്ച ട്രാഫിക് പൊലീസുകാരനെ ഇടിച്ച് ഇയാള്‍ കാറിന്‍റെ ബോണറ്റിലാക്കുകയും നിര്‍ത്താതെ ഓടിച്ചുപോവുകയുമായിരുന്നു.
ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിനും നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തതായി പൊലീസ് പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ വാഹനപരിശോധനാ ഡ്യൂട്ടിയിലായിരുന്നു മാലി. ഇതിനിടെ പ്രസ്‌തുത കാര്‍ തടയാന്‍ മാലി ശ്രമിച്ചു. ഇതോടെ ഇയാള്‍ക്കുനേരെ വാഹനം ഓടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ബോണറ്റിൽ പിടിമുറുക്കിയ പൊലീസുകാരനെ പ്രതി 20 കിലോമീറ്ററോളം മുന്നോട്ട് കൊണ്ടുപോയി. ശേഷം പൊലീസുകാരൻ കാറിൽ നിന്ന് താഴെ വീഴുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ ആദിത്യയുടെ ലഹരി ഉപയോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.