ബിരിയാണി കടം നൽകിയില്ല; തൃപ്രയാറിൽ മൂന്നംഗ സംഘം റസ്റ്ററന്‍റ് ആക്രമിച്ചുവെന്ന് പരാതി
🎬 Watch Now: Feature Video
തൃശൂർ : ബിരിയാണി കടം നൽകാത്തതിന്‍റെ പേരിൽ തൃപ്രയാറിൽ മൂന്നംഗ സംഘം റസ്റ്ററന്‍റ് ആക്രമിച്ചുവെന്ന് പരാതി. ആക്രമണത്തിൽ റസ്റ്ററന്‍റിലെ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. തൃപ്രയാർ സെന്‍ററിൽ ദേശീയപാതയ്‌ക്ക് സമീപം പ്രവർത്തിക്കുന്ന കലവറ കഫേ-ആന്‍ഡ് റസ്റ്ററന്‍റിന് നേരെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രി 10:15 ഓടെയാണ് സംഭവം. ഹോട്ടൽ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ എരണേഴുത്ത് വീട്ടിൽ അക്ഷയ്‌യുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്ററന്‍റ്. ബുധനാഴ്‌ച രാത്രി അക്ഷയ് വീട്ടിലേക്ക് പോയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
റസ്റ്ററന്‍റിലെത്തിയ മൂന്ന് യുവാക്കൾ കാഷ് കൗണ്ടറിന്‍റെ ചുമതലയിലുണ്ടായിരുന്ന അസം സ്വദേശി ജുനൈദിനോട് ഭക്ഷണം ആവശ്യപ്പെടുകയും തുക പറഞ്ഞതോടെ പണമില്ലെന്നും കടം നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്‌തു. ഉടമ അറിയാതെ കടം നൽകാനാകില്ലെന്ന് പറഞ്ഞ ജീവനക്കാരനെ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. കാഷ് കൗണ്ടറിലെ നിരീക്ഷണ കാമറ സംവിധാനങ്ങൾ തകർത്ത സംഘം ജീവനക്കാരനെ മർദിച്ചു.
ആക്രമണത്തിൽ ജീവനക്കാരന്‍റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റു. വടിയും, ഇഷ്‌ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
സംഭവത്തിൽ കേരള ഹോട്ടൽ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് കമ്മിറ്റിയും, തൃശൂർ ജില്ല കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിലെ ഹോട്ടലുകൾക്ക് സുരക്ഷിതമായ വ്യാപാര സാഹചര്യം ഒരുക്കണമെന്നും പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് സി ബിജുലാലും ജില്ല പ്രസിഡന്‍റ് അമ്പാടി ഉണ്ണികൃഷ്‌ണനും ആവശ്യപ്പെട്ടു.