വാനിൽ വർണവിസ്‌മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട് ; ആർപ്പുവിളിച്ച് കരിമരുന്ന് പ്രേമികൾ - തിരുവമ്പാടി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18390557-thumbnail-16x9-pooram.jpg)
തൃശൂർ : പൂരപ്രേമികളുടെ മനം നിറച്ച് വാനിൽ വർണ വിസ്‌മയം തീർത്ത് തൃശൂർ പൂരം വെടിക്കെട്ട്. പുലർച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. വെടിക്കെട്ട് കാണാൻ സ്വരാജ് റൗണ്ടിൽ തടിച്ചുകൂടിയ ജനാവലിക്ക് മുന്നിൽ ആകാശം പല വർണങ്ങളാൽ മുഖരിതമാവുകയായിരുന്നു.
വൈകുന്നേരം കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും മഴ മാറി നിന്നത് ദേവസ്വങ്ങൾക്കും വെടിക്കെട്ട് പ്രേമികൾക്കും ആശ്വാസമായി. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവും വെടിക്കെട്ടിന് തിരികൊളുത്തി.
ഇതോടെ തേക്കിൻകാട് മൈതാനത്തിന് മുകളില്‍ ആകാശം വർണ വിസ്‌മയത്തോടെ പ്രകാശപൂരിതമായി. പെസോയുടെ കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് നടന്നത്. ശബ്‌ദത്തോടൊപ്പം നിറങ്ങൾക്കും പ്രാധാന്യം നൽകിയ വെടിക്കെട്ട് സ്വരാജ് റൗണ്ടിലും ഇടവഴികളിലുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് കരിമരുന്നുപ്രേമികൾ ആർപ്പുവിളികളോടെ നെഞ്ചേറ്റി. ഓലയിൽനിന്ന് തുടങ്ങി, പടർന്നുപന്തലിച്ച് ഗുണ്ട്, ഡൈന, കുഴിമിന്നൽ തുടങ്ങിയവയുടെ ശക്തിയിൽ ആകാശമൊരു അഗ്നിഗോളമായി മാറിയ കൂട്ടപ്പൊരിച്ചിൽ കാണികൾക്ക് ആവേശമായി.
പാറമേക്കാവിനായി മുണ്ടത്തിക്കോട് പന്തലാംകോട് സതീഷും തിരുവമ്പാടിക്കായി മറ്റത്തൂർ പാലാട്ടി കൂനത്താൻ പി സി വർഗീസുമാണ് വെടിക്കോപ്പുകൾ ഒരുക്കിയത്. സ്‌പെഷ്യൽ ഇനങ്ങൾക്ക് പുറമെ പരമ്പരാഗത ശൈലിക്ക് ഊന്നൽ നൽകിയാണ് ഇരുകൂട്ടരും അമിട്ടുകൾ ഒരുക്കിയത്. ഈ വർഷത്തെ വെടിക്കെട്ടിന് സമാപ്‌തിയായതോടെ ഇനി അടുത്ത പൂരക്കാലത്തിനായുള്ള ഒരു വർഷം നീളുന്ന കാത്തിരിപ്പാണ് പൂരപ്രേമികൾക്ക്.