അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു ; അപകടം സ്‌കൂള്‍ ഗേറ്റിന് സമീപം നിൽക്കുമ്പോള്‍ - നവീന്‍ പട്‌നായിക്
🎬 Watch Now: Feature Video
ശാരദപള്ളി ചക്ക് (ഒഡിഷ): അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. സോനേപൂര്‍-ബിനിക റോഡില്‍ ശാരദപള്ളി ചക്കിന് സമീപത്തുണ്ടായ അപകടത്തില്‍ ശാരദപള്ളി അപ്പര്‍ പ്രൈമറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ സുബ്രത് ഭോയ് (11), രാജേഷ് പേര (10), രാജ പേര (10) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കപില്‍ ഭൂയെ നിലവില്‍ ചികിത്സയിലാണ്.
ബുധനാഴ്‌ച പകല്‍ 11 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. നാല് വിദ്യാർത്ഥികളും സ്‌കൂളിന് മുന്നിലെ ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയം അമിതവേഗത്തിലെത്തിയ കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച ശേഷം വിദ്യാര്‍ഥികള്‍ നില്‍ക്കുന്നയിടത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഒരു വിദ്യാര്‍ഥി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റൊരു വിദ്യാര്‍ഥി സോനേപൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ വച്ചും മറ്റൊരാള്‍ ഇവിടെ നിന്നും ബുർളയിലെ വിംസാറിലേക്ക് (VIMSAR) മാറ്റുന്നതിനിടെയുമാണ് മരണപ്പെടുന്നത്.
അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ ഓടിയെത്തി ഡ്രൈവറെ പിടികൂടിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. എന്നാല്‍ ഉടന്‍ തന്നെ പൊലീസെത്തി വാഹനവും ഡ്രൈവറെയും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. അതേസമയം മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം അറിയിച്ചു. മാത്രമല്ല മരിച്ച മൂന്ന് വിദ്യാർഥികളുടെ കുടുംബങ്ങൾക്കും അദ്ദേഹം മൂന്ന് ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു.