പ്രതികൾ ശിക്ഷിക്കപ്പെട്ടതുകൊണ്ട് ഇരയ്ക്ക് നീതി ലഭിക്കണമെന്നില്ല: പ്രതികരണവുമായി പ്രൊഫ ടിജെ ജോസഫ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 10, 2024, 4:03 PM IST

ഇടുക്കി: തൊടുപുഴയിലെ കൈവെട്ട് കേസിലെ ഒന്നാം പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതിൽ പ്രതികരണവുമായി പ്രൊഫസർ ടി ജെ ജോസഫ്. ഇര എന്ന നിലയിൽ പ്രതിയെ പിടിച്ചതിൽ കൗതുകമില്ല. പൗരൻ എന്ന നിലയിൽ പതിമൂന്ന് വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയതിൽ അഭിമാനമുണ്ടെന്ന് പ്രൊഫസർ ടി ജെ ജോസഫ് പ്രതികരിച്ചു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ മാത്രമാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ നിർദ്ദേശിച്ചവർ ഇപ്പോഴും എവിടെയോ ആണ്.അവരിലേക്ക് എത്താൻ നിയമ സംവിധാനത്തിന് കഴിയില്ല. പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് കരുതി ഇരയ്ക്ക് നീതി ലഭിക്കണമെന്നില്ലെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു.  

 കേസിൽ ഒന്നാം പ്രതിയായ സവാദ് പതിമൂന്ന് വർഷത്തിന് ശേഷമാണ് പിടിയിലായത്. കണ്ണൂരിൽ നിന്നുമാണ് എൻ.ഐ.എ പ്രതിയെ  അറസ്റ്റ് ചെയ്‌തത്‌. കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.  

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ വിശദമായ അന്വേഷണം നടത്തും. പ്രതി സവാദായിരുന്നു അധ്യപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ചതെന്നാണ് എൻഐഎ കണ്ടെത്തല്‍. നേരത്തെ ഈ പ്രതിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും പ്രതിയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയിട്ടും സവാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു.

2010 മാർച്ച് 23നാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈ വെട്ടി മാറ്റിയത്. 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ആറ് പേരെയാണ് 2023 ജൂലൈ 12ന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

Also Read: അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ പിടിയില്‍, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.