VIDEO| ഇന്ത്യയുടെ അഭിമാനം; അറിയാം പുതിയ പാര്‍ലമെന്‍റ്‌ മന്ദിരത്തിന്‍റെ വിശേഷങ്ങള്‍ - മന്ദിരത്തിന്‍റെ വീഡിയോ പുറത്ത്

🎬 Watch Now: Feature Video

thumbnail

By

Published : May 27, 2023, 2:41 PM IST

Updated : May 27, 2023, 2:47 PM IST

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച (28.05.23) രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ ഏഴ്‌ മണിക്ക് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ ഹോമവും പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നാളെ നടക്കാനിരിക്കുന്ന പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. 

നിലവിലുള്ള കോംപ്ലക്‌സിനോട് ചേര്‍ന്ന് ത്രികോണ ആകൃതിയിലാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. പുതിയ സമുച്ചയത്തിന്‍റെ ലോക്‌സഭ ചേംബറിൽ 888 സീറ്റുകളും രാജ്യസഭ ചേംബറിൽ 384 സീറ്റുകളുമാണുള്ളത്. നിലവിലെ പാർലമെന്‍റ് മന്ദിരത്തിൽ നിന്ന് ഇതിനെ വ്യത്യസ്‌തമാക്കുന്നത് ഇതിന് സെൻട്രൽ ഹാൾ ഇല്ലെന്നതാണ്. 

സംയുക്ത സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ 1272 അംഗങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യവും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. മന്ദിരത്തിന്‍റെ നാല് നിലകളിലായി മന്ത്രിമാരുടെ ഓഫിസുകളും കമ്മിറ്റി റൂമുകളും സജീകരിച്ചിട്ടുണ്ട്.  

പുതിയ മന്ദിരം ഇന്ത്യക്കാരന്‍റെ അഭിമാനമെന്ന് മോദി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പുറത്തിറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കിടാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലമെന്‍റ്  മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാകുന്നതാണെന്നും വളരെ വ്യത്യസ്‌തമായ കാഴ്‌ചയാണ് മന്ദിരത്തില്‍ നിന്നും കാണാനാവുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. പങ്കിടുന്ന വീഡിയോക്കൊപ്പം #MyParliamentMyPride എന്ന് കൂടി ചേര്‍ക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കും: സ്വതന്ത്ര പരാധികാര രാഷ്‌ട്രത്തിന്‍റെ പ്രതീകമായ 'ചെങ്കോല്‍' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും. സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് ചെങ്കോല്‍ സ്ഥാപിക്കുക. തമിഴ്‌നാട്ടിലെ ശൈവമഠമായ തിരുവാത്തുറൈ അധീനത്തിലെ പുരോഹിതര്‍ നാളെ ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറും. 

പ്രധാനമന്ത്രി തന്നെയാണ് ചെങ്കോല്‍ സ്ഥാപിക്കുക. ചോള രാജാക്കന്മാരുടെ ഭരണക്കാലത്ത് പുതിയ രാജാക്കന്മാര്‍ അധികാരത്തിലേറുമ്പോള്‍ ചെങ്കോല്‍ കൈമാറുന്ന രീതിയില്‍ നിന്ന് പ്രചോദനം  ഉള്‍കൊണ്ട് തമിഴ്‌നാട്ടില്‍ നിര്‍മിച്ച ചരിത്രപരമായ ചെങ്കോലാണിത്.  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അധികാര കൈമാറ്റത്തെ പ്രതിനിധീകരിക്കാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്‍കപ്പെട്ടതാണ് ചെങ്കോല്‍. ഇതിനെ കുറിച്ച് ഇന്ത്യക്കാര്‍ കൂടുതല്‍ പഠിക്കണമെന്നും ഇത് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പ്രതീകമാണെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത്‌ ഷാ വ്യക്തമാക്കിയിരുന്നു. 

ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം: പുതിയ പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തില്‍ രാഷ്‌ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്‌കരിക്കും. 25 പാര്‍ട്ടികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിന്‍റെ മനോഭാവം രാജ്യത്തിന്‍റെ ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും വിവാദം ഉയരുന്നുണ്ട്.

75 രൂപ നാണയം ഇന്ന് പുറത്തിറക്കും: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്‌ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്നത് കൊണ്ട് തന്നെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രം ആലേഖനം ചെയ്‌താണ് നാണയം പുറത്തിറക്കുക. 

നാണയത്തിന്‍റെ ഒരു വശത്ത് അശോക സ്‌തംഭവും അതിന് താഴെയായി സത്യമേവജയതേ എന്നും ആലേഖനം ചെയ്‌തിട്ടുണ്ട്. നാണയത്തിന്‍റെ ഒരു വശത്ത് ഭാരത് എന്നും മറുവശത്ത് ഇന്ത്യ എന്ന് ഇംഗ്ലീഷിലും എഴുതി ചേര്‍ത്തിട്ടുണ്ട്. 44 മില്ലിമീറ്റര്‍ വ്യാസമുള്ള വൃത്താകൃതിയിലാണ് ഡിസൈന്‍ തയ്യാറാക്കിയിട്ടുള്ളത്. 

Last Updated : May 27, 2023, 2:47 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.