വനിത പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധം: സർക്കാർ സ്ത്രീ വിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ്
🎬 Watch Now: Feature Video
Published : Jan 15, 2024, 5:44 PM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതിഷേധമറിയിച്ച് കണ്ണൂർ കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പിണറായി വിജയൻ അഭിനവ ദുശാസനനായി മാറിയിരിക്കുകയാണെന്നും പിണറായി സർക്കാർ സ്ത്രീ വിരുദ്ധമായി പെരുമാറാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി ആരോപിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷിബിനയ്‌ക്ക് നേരെയും അക്രമം ഉണ്ടായിരുന്നു. ഷിബിനയുടെ തലമുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്‌തത് വിവാദമായിരുന്നു. തലമുടിയിൽ ചവിട്ടിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റാച്യു ജനറൽ പോസ്റ്റ് ഓഫിസിൽ കൃത്രിമ മുടി ഡിജിപിക്ക് അയച്ച് പ്രതിഷേധിച്ചു. ഷിബിനയുടെ വസ്ത്രം വലിച്ചു കീറിയ പൊലീസുകാർ ഇപ്പോഴും സേനയിൽ തുടരുമ്പോഴാണ് കണ്ണൂരിൽ നടത്തിയ മാർച്ചിൽ വനിതാ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ മർദ്ദിച്ചത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സംസ്ഥാന വനിതാ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവിടങ്ങളിൽ പരാതി നൽകി. നീതി ലഭ്യമാക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും അബിൻ വർക്കി പറഞ്ഞു. കേരളത്തിലെ സ്‌ത്രീകൾക്കെതിരെയുള്ള പിണറായി സർക്കാറിന്‍റെ അക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. ഇത് സൂചന സമരമാണെന്നും ഇനിയും അക്രമം ഉണ്ടായാൽ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുമെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.