Gun Snatched | എസ്‌ഐയുടെ കൈവശമുള്ള തോക്ക് തട്ടിയെടുത്ത് മോഷ്‌ടാവ് കടന്നുകളഞ്ഞു, പ്രത്യക്ഷപ്പെട്ടത് 'ഉയരെ' ; വീണ്ടെടുത്തത് ഇങ്ങനെ - കല്‍ബുര്‍ഗി
🎬 Watch Now: Feature Video
കല്‍ബുര്‍ഗി : എസ്‌ഐയുടെ കൈവശമുള്ള ലോഡ് ചെയ്‌ത സര്‍വീസ് തോക്ക് തട്ടിയെടുത്ത ശേഷം കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്‌ടാവ് കടന്നുകളഞ്ഞു. കര്‍ണാടകയിലെ അഫ്‌സല്‍പൂര്‍ താലൂക്കില്‍ ഞായറാഴ്‌ച(16.07.2023) വൈകുന്നേരത്തോടെയായിരുന്നു സംഭവം. മോഷണക്കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യാന്‍ പൊലീസ് സംഘം എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്‌ച ഒരു ചെറു കെട്ടിടത്തിന് മുകളില്‍ പ്രതിയെ കണ്ടെത്തിയ പൊലീസ് ഇയാളുടെ കൈവശമുള്ള തോക്ക് വീണ്ടെടുത്ത ശേഷം അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ശേഷം, ഇയാളെ അറസ്‌റ്റ് ചെയ്‌തു. അഫ്‌സല്‍പൂര്‍ താലൂക്കിലെ കജ്ജപ്പ ഗെയികവാദ് എന്ന വ്യക്തിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കര്‍ണാടക, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ ഏകദേശം 20 ഓളം മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച ഇയാളെ അറസ്‌റ്റ് ചെയ്യാന്‍ ബെംഗളൂരുവില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. ഈ സമയം, ഇയാള്‍ സോന്ന ഗ്രാമത്തിന് സമീപം ഒരു കാറില്‍ ഇരിക്കുകയായിരുന്നു. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി തയ്യാറായില്ല. തുടര്‍ന്ന്, എസ്‌ഐ തന്‍റെ കൈയ്യിലുള്ള റിവോള്‍വര്‍ ഉപയോഗിച്ച് കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ റിവോള്‍വര്‍ തട്ടിയെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. ബുള്ളറ്റ് ലോഡ് ചെയ്‌ത തോക്കുമായി ഇയാള്‍ കടന്നുകളഞ്ഞത് പൊലീസിനെ അങ്കലാപ്പിലാക്കി. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പിന്നീട് ബല്ലുരാജി ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തെ ഒരു മരത്തിന്‍റെ ചുവട്ടില്‍ പ്രതി ഇരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി. അപ്പോള്‍ ഇയാള്‍ ചെറുകെട്ടിടത്തിന്‍റെ മുകളിലായിരുന്നു. പൊലീസിനെ കണ്ടെയുടന്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. അഞ്ച് മണിക്കൂര്‍ നേരം നീണ്ടുനിന്ന കഠിനപ്രയത്‌നത്തിന് ശേഷമാണ് പൊലീസ് പ്രതിയെ അനുനയിപ്പിച്ച് താഴെയിറക്കിയത്.