സഹായം അഭ്യർഥിച്ച് എത്തി ഒന്നരലക്ഷം കവർന്നു; കോട്ടയം നഗരമധ്യത്തിലെ ചിട്ടി സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം - കോട്ടയം വാർത്തകൾ
🎬 Watch Now: Feature Video
കോട്ടയം: നഗരമധ്യത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നും സഹായം അഭ്യർഥിച്ച് എത്തിയ ആൾ ഒന്നരലക്ഷം രൂപ കവർന്നു. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് കവർച്ച നടന്നത്. കോട്ടയം നഗരമധ്യത്തിലെ ചന്തയ്‌ക്കുള്ളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ നിന്നാണ് പണം കവർന്നത്.
സ്ഥാപനം രാവിലെ 11 മണിയോടെ തുറന്നതിന് പിന്നാലെ ഇയാൾ സഹായം അഭ്യർഥിച്ച് എത്തുകയായിരുന്നു. താൻ ബധിരനും മൂകനും ആണെന്നും സഹായിക്കണമെന്നും പറഞ്ഞ് ഇയാൾ സ്ഥാപനത്തിനുള്ളിൽ കയറിയിരുന്നു. ഇതിനിടെ മേശപ്പുറത്ത് വച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ പത്രം ഉപയോഗിച്ച് പൊതിഞ്ഞ ശേഷം ഇയാൾ മോഷ്‌ടിക്കുകയായിരുന്നു.
പ്രതി എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ സമീപത്ത് പ്രവർത്തിക്കുന്ന ജുവലറിയുടെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ അവിടെ നിന്ന് അതിവേഗത്തിൽ രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.